Connect with us

Uae

റമസാൻ; പൊതു ഗതാഗത സമയക്രമത്തിൽ മാറ്റം

ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ അഞ്ച് മുതൽ രാത്രി 12 വരെ ആയിരിക്കും

Published

|

Last Updated

ദുബൈ|റമസാനിൽ ദുബൈയിൽ ചില പൊതു ഗതാഗത സംവിധാനങ്ങളിലും കസ്റ്റമർ സർവീസ് കേന്ദ്രങ്ങളിലും സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ, പെയ്ഡ് പാർക്കിംഗ് സോണുകൾ, പബ്ലിക് ബസുകൾ, ദുബൈ മെട്രോ, ട്രാം, മറൈൻ ട്രാൻസ്‌പോർട്ട് സർവീസുകൾ, സർവീസ് പ്രൊവൈഡർ സെന്ററുകൾ (വാഹന പരിശോധന) എന്നിവയ്ക്ക് പുതുക്കിയ സമയക്രമം ബാധകമാണ്. ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ അഞ്ച് മുതൽ രാത്രി 12 വരെ ആയിരിക്കും. വെള്ളി രാവിലെ അഞ്ച് മുതൽ പുലർച്ചെ ഒന്ന് വരെ, ശനി രാവിലെ അഞ്ച് മുതൽ രാത്രി 12 വരെ ഞായർ രാവിലെ എട്ട് മുതൽ രാത്രി 12 വരെ ആയിരിക്കും.
ദുബൈ ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ ആറ് മുതൽ പുലർച്ചെ ഒന്ന് (അടുത്ത ദിവസം) വരെ, ഞായർ രാവിലെ ഒമ്പത് മുതൽ പുലർച്ചെ ഒന്ന് വരെ ആയിരിക്കും. ബസ് ഷെഡ്യൂളുകളിലെ മാറ്റങ്ങൾ പരിശോധിക്കാൻ, സുഹൈൽ ആപ്പ് സന്ദർശിക്കാം. ജല ഗതാഗത ഷെഡ്യൂളുകൾക്കായി ആർ ടി എയുടെ വെബ്സൈറ്റ് ഉപയോഗിക്കണം. ബഹുനില പാർക്കിംഗ് കെട്ടിടങ്ങൾ 24/7 പ്രവർത്തിക്കും.
കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ. വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും. ഉമ്മു റമൂൽ, ദിരിയ, അൽ ബർശ, അൽ കിഫാഫ്, ആർ ടി എയുടെ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പതിവുപോലെ 24/7 പ്രവർത്തിക്കുന്നത് തുടരും.

Latest