Cover Story
ആപ്പിൾ താഴ്വരയിലെ റമസാൻ ദിനങ്ങൾ
മഗ്‌രിബ് കഴിഞ്ഞു പള്ളികളിൽ നിന്ന് വിവിധ തരം സൂഫീ ഗീതങ്ങൾ ഉയരുന്നു. വീട്ടിലെ സ്ത്രീകൾ അതിന്റെ ചൊല്ലലിൽ പങ്കാളികളാകുന്നു. പുരുഷന്മാർ തറാവീഹിനായി പുറപ്പെടുന്നു. ഇലാഹീ സ്മൃതിയിലേക്ക് ഓരോ വീടും പതിയെ പോകുന്നു. അല്ലാഹുവിന്റെ സകീനത് ഇറങ്ങുന്ന ഒരു ജനതയുടെ റമസാൻ ഇങ്ങനെയായിരിക്കുമെന്നു തോന്നി.
ആപ്പിൾ പൂവിന്റെ ഗന്ധം മധുരിതമാണ്. പനിനീർ പൂക്കളെപ്പോലെ വെളുത്തിരിക്കും അവ. തീവ്രമല്ലെങ്കിലും ഇളം തെന്നലിൽ ഉള്ളിലേക്ക് വരുന്ന ഗന്ധം നമ്മെ ഉന്മേഷഭരിതമാക്കും.
കഴിഞ്ഞ റമസാന് കശ്മീരിലായിരുന്നു. ആപ്പിൾ താഴ്‍വരയായ ഷോപ്പിയാനിൽ നിന്നാണ് റമസാൻ തുടങ്ങിയത്. റമസാനിലെ ഭക്തി രീതികൾ, ഭക്ഷണം, ജീവിത ക്രമം എന്നിവയെല്ലാം വളരെ വ്യത്യസ്തമാണ് കശ്മീരിൽ.
റമസാൻ എത്തും മുമ്പേ ഭക്തിയുടെ നിറവ് കശ്മീരികളിൽ കാണാം. വീടുകൾ വൃത്തിയാക്കുന്നു. ഒരു മാസത്തേക്ക് ആവശ്യമായ ധാന്യം ശേഖരിക്കുന്നു. പള്ളിയിലേക്ക് എല്ലാ സമയത്തും ജമാഅത്തിനായി പോകുന്നു. ഗ്രാമീണ ദർഗകൾ മോടി പിടിപ്പിക്കുന്നു. കുഞ്ഞുങ്ങൾക്ക് സുകൃതത്തിന്റെ വരവിനെക്കുറിച്ചുള്ള കഥകൾ പറഞ്ഞു കൊടുക്കുന്നു. അങ്ങനെ നന്മകളുടെ മഹാമാസത്തെ അവർ വരവേൽക്കുന്നു.
മർകസ് അലുംനി സംഘത്തോടൊപ്പം ആയിരുന്നു റമസാൻ ഒന്നാം ദിനം. ഷോപ്പിയാനിൽ ഞങ്ങൾക്ക് പോകാനുള്ളത് ഗുൽഷനെ ശൈഖ് അബൂബക്കർ എന്ന പേരിൽ മർകസ് കശ്മീരി ഹോം പൂർവ വിദ്യാർഥികൾ ഉണ്ടാക്കിയ സ്ഥാപനത്തിലേക്കാണ്. വഴിയിൽ വെച്ചു ബാങ്ക് വിളിച്ചു. ഞങ്ങളുടെ വരവറിഞ്ഞു, ഒരു സ്ഥാപന ബന്ധു വഴിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആപ്പിളും മുന്തിരിയും തണ്ണിമത്തനും ആട്ടിൻ പാലിൽ കലർത്തി തയ്യാറാക്കിയ ജ്യൂസുമായി. കശ്മീരിലെ തണുപ്പിൽ അധികം ദാഹമില്ലായിരുന്നുവെങ്കിലും, ആ പാനീയം അസാധാരണമായ രുചി നൽകി. വഴിവക്കിലെ ഒരു പള്ളിയിൽ ഞങ്ങൾ നിസ്കരിക്കാൻ കയറി. ജമാഅത്ത് കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോകുന്നുണ്ടായിരുന്നു.
അല്ലാഹുവിന്റെ ഭവനം എന്ന നിലയിൽ പള്ളികളെ വളരെയധികം ആദരിക്കുന്നവരാണ് കശ്‌മീരികൾ. പള്ളിയിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നത് പോലും അവർക്ക് ഇഷ്ടമല്ല. അഹുവിനെക്കുറിച്ചുള്ള സ്വരങ്ങൾ അല്ലാതെ അവിടെ ഉയരരുത് എന്ന നിശ്ചയമുള്ള പോലെ. എത്ര ചെറിയ പള്ളിയാണെങ്കിലും ഉൾഗ്രാമങ്ങളിൽ സ്ഥിതി ചെയ്യുന്നവ ആണെങ്കിലും വളരെ വൃത്തിയിലായിരിക്കുമവർ പരിപാലിക്കുക. മിക്ക സമയത്തും പള്ളികളിൽ ജമാഅത്തിനെത്തും. റമസാനിൽ ഒരു ജമാഅത്ത് പോലും മുടങ്ങാതിരിക്കാൻ നിഷ്കർഷ കാണിക്കും. ആ പള്ളിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
നോമ്പുതുറക്കായി ഓരോ പള്ളിക്കും ചുറ്റുമുള്ളവർ കുട്ടികളെയെല്ലാം കൂട്ടി നേരത്തേയെത്തും. കശ്മീരിലെ സവിശേഷത, പള്ളികൾ അടുത്തടുത്തുണ്ടാകും എന്നതാണ്. ചില സ്ഥലങ്ങളിൽ ഇരുനൂറ് മീറ്റാറൊക്കെയെ കാണൂ, രണ്ട് പള്ളികൾ തമ്മിലുള്ള അകലം. എന്നാലോ എല്ലായിടത്തും പള്ളി നിറഞ്ഞിരിക്കും. വിശ്വാസത്തെ ഉള്ളിലേക്ക് ചെറുപ്പം തൊട്ടേ അവർ പ്രവഹിപ്പിക്കുന്നു.
റമസാനിൽ അത്താഴ സമയമായി എന്നുള്ള ഓർമപ്പെടുത്തലുകൾ പള്ളികളിൽ നിന്ന് കേൾക്കാം . പകൽ ദീർഘവും രാത്രി കുറവും ആയിരുന്നു കഴിഞ്ഞ വർഷം അവിടെ. പുലർച്ചെ 4.15ന് സുബ്ഹ് ബാങ്ക് വിളിക്കും. വൈകുന്നേരം 7.15 ആകും മഗ്‌രിബ് ബാങ്ക് വിളിക്കാൻ. കഠിന ശൈത്യം പിന്നിട്ടിട്ടുണ്ടാകും എങ്കിലും, പലയിടങ്ങളിലും തണുപ്പിന്റെ ആധിക്യം കാണാം. രാത്രി ഒന്നുറങ്ങിയാൽ എണീറ്റ് കിട്ടാൻ പാടായിരിക്കും. അതിനാൽ പുലർച്ചെ രണ്ടര മുതൽ പള്ളിയിൽ നിന്ന് വിളിച്ചു പറയുന്നത് കേൾക്കാം, അത്താഴ സമയം ആയെന്ന്. അത് ഇടയ്ക്കിടെ ആവർത്തിച്ചു കൊണ്ടിരിക്കും.
ശഅബാനിലെ അവസാന വെള്ളിയാഴ്ച ശ്രീനഗറിലെ പ്രശസ്തമായ ഹസ്രത്ത് ബാൽ പള്ളിയിലായിരുന്നു ജുമുഅക്ക് കൂടിയത്. ദാൽ തടാകത്തോട് ചേർന്ന് നിർമിക്കപ്പെട്ട പള്ളിയും പ്രവിശാലമായ ചുറ്റിടവും ഉള്ളിൽ ആദ്ധ്യാത്മികമായ നവചൈതന്യം ഉണ്ടാക്കുന്നുണ്ടായിരുന്നു. ആയിരങ്ങളാണ് ജുമുഅക്ക് എത്തിയത്. ഖുതുബയിലും സന്ദേശ പ്രഭാഷണത്തിലും റമസാനിന്റെ വിശേഷങ്ങളാണ് ഇമാം ഊന്നിപ്പറഞ്ഞത്. അതുകേട്ടു കണ്ണുനീർ പൊഴിക്കുന്നവർ അനേകമായിരുന്നു. നിസ്കാരത്തിൽ കാണിക്കുന്നത്ര ഏകാഗ്രത കാശ്മീരികൾ പള്ളിയിൽ കയറിയാൽ കാണിക്കും. വെള്ളി ബാങ്ക് വിളിച്ചാൽ പിന്നെ, മറ്റെല്ലാ ചിന്തകളും മാറ്റിവെച്ചു ഇലാഹിൽ അലിഞ്ഞ പോലെയായിരുന്നു എല്ലാവരും. അതൊരു അസാധാരണ കാഴ്ചയായിരുന്നു. ഭക്തിയുടെ പാരാവശ്യത്തിൽ എത്തിയ വിശ്വാസികൾ. നിസ്കാരം കഴിഞ്ഞും അനേകം ആളുകൾ പള്ളിക്ക് ചുറ്റുമുള്ള പച്ചപ്പുല്ല് നിറഞ്ഞ മുറ്റത്ത് ഇരിക്കുന്നു. കുട്ടികൾക്ക് ഇസ്‌ലാമിക കഥകൾ പറഞ്ഞു നൽകുന്നു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നു . അക്ഷരാർഥത്തിൽ പള്ളിയുമായി ഹൃദയബന്ധം സ്ഥാപിച്ചവർ.
1634ൽ ഷാജഹാൻ ചക്രവർത്തിയാണ് ഹസ്രത്ത്ബാൽ ഒരു പ്രാർഥനാ കേന്ദ്രമാക്കി മാറ്റിയത്. പ്രവാചകന്റെ തിരുകേശം ഈ പള്ളിയുടെ ശ്രുതി എങ്ങും പരത്തി. വെള്ളിയാഴ്ച പള്ളിക്കു ചുറ്റുമുള്ള റോഡിൽ നാല് വശങ്ങളിലുമായി വിശാലമായ ചന്തയാണ്. പതിറ്റാണ്ടുകളായി തുടർന്ന് വരുന്നതാണ് അത്. കശ്മീരി വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും പാത്രങ്ങളും കൗതുക വസ്തുക്കളും ഇലക്്ട്രോണിക്സ് ഉപകരണങ്ങളും എല്ലാം നിറഞ്ഞിരുന്നു. ഒരു കി. മീ. അധികം വിസ്തൃതി വരും ആ ചന്തക്ക്. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ വസ്തുക്കൾ കിട്ടുന്ന ഡൽഹിയിലെ ജമാ മസ്ജിദ് മാർക്കറ്റിനെക്കാൾ വില കുറവായിരുന്നു അവിടെ.
ഷോപ്പിയാനിലെ ആ ആദ്യ റമസാൻ നോമ്പുതുറ ഏറെ ഹൃദ്യമായി. ഞങ്ങളെ സ്വീകരിക്കാൻ ഗുൽഷനെയിലെ വിദ്യാർഥികൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ലളിതമായ നോമ്പുതുറ. റൊട്ടിയും ചിക്കൻ കറിയും വിവിധയിനം പഴങ്ങളും പഴ ജ്യൂസും. കശ്മീരികൾ നല്ല ആരോഗ്യവാന്മാരാണ്. അതിന്റെ ഒരു കാരണം ഭക്ഷണത്തിൽ അവർ കാണിക്കുന്ന സൂക്ഷ്മതയാണ് എന്ന് തോന്നിയിട്ടുണ്ട്. ഏത് സമയത്തും ഭക്ഷണം കഴിക്കുന്പോൾ പച്ചക്കറി വിഭവങ്ങൾ ധാരാളമായി അവർ ഉണ്ടാക്കും. പലതും വീട്ടു തൊടിയിൽ തന്നെ കൃഷി ചെയ്യുന്നവയാണ്. വിവിധ തരം ഇലക്കറികൾ അവരുടെ ഭക്ഷണത്തിൽ എല്ലാ നേരവും കാണാം.
പിന്നീട് ഞാൻ തനിയെ ബാരാമുല്ലയിലേക്ക് തിരിച്ചു. ശ്രീനഗറിൽ നിന്ന് 45 കി.മീ. ദൂരമുണ്ട് അവിടേക്ക്. മർകസിൽ പഠിക്കുന്ന ചില വിദ്യാർഥികൾ ബാരാമുല്ലയിലെ നദിയാൽ ഗ്രാമത്തിലുണ്ട്. അവരുടെ കൂടെ കുറച്ചു ദിവസങ്ങൾ ചെലവഴിച്ചു കശ്മീരിന്റെ ഗ്രാമീണ ജീവിതം അറിയുകയായിരുന്നു ലക്ഷ്യം. ഒരു മലയടിവാരത്തിൽ, അനേകം ആപ്പിൾ തോട്ടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമമാണ് നദിയാൽ.
അതിഥികളെ കിട്ടുക എന്നത് ഏറെ പ്രിയമാണ് കശ്മീരികൾക്ക്. എവിടെയെങ്കിലും കണ്ടാൽ സലാം പറഞ്ഞു കുശലാന്വേഷണം നടത്തും. കേരളത്തിൽ നിന്നാണെന്നു കേട്ടാൽ അവർക്ക് പെരുത്ത് സന്തോഷമാണ്. വിദ്യാഭ്യാസപരമായി ഉയർന്നവരാണ് മലയാളികൾ എന്ന ബോധം കശ്മീരികൾക്ക് പൊതുവേയുണ്ട്. മലയാളി പണ്ഡിതനായ ഷൗക്കത്ത് നഈമി കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന അൻപതോളം സ്‌കൂളുകളെക്കുറിച്ചു പലർക്കും അറിയാം. നദിയാൽ ഗ്രാമത്തിൽ മാത്രം, മർകസ് കശ്മീരി ഹോമിൽ നിന്ന് പഠനം പൂർത്തിയാക്കിയിറങ്ങിയ പതിനഞ്ച് പേരുണ്ട്. വിവിധ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കഴിയുകയാണ് അവരിൽ മിക്കവരും.
മർകസ് കശ്മീരി ഹോം വിദ്യാർഥിയായ സാഖിബിന്റെ വീട്ടിലായിരുന്നു താമസം. റമസാൻ രണ്ടിന് ഉച്ചക്കാണ് ഞാനവിടെ എത്തിയത്. കശ്മീരി വീടുകളിൽ ഫർണിച്ചർ ഉപയോഗിക്കാറില്ല. എല്ലാ റൂമിലും നിലത്ത് കട്ടിയുള്ള മനോഹരമായ കാർപെറ്റ് വിരിച്ചിട്ടുണ്ടാകും. ചുമരിനോട് ചാരിയിരിക്കാൻ കുഷ്യനും കാണും. ചെന്ന ഉടനെ നിസ്‍കാരം കഴിഞ്ഞു വിശ്രമിക്കാനിരുന്നു. മൂന്ന് കട്ടിക്കമ്പിളികൾ എന്റെ ശരീരത്തിൽ പുതപ്പിച്ചു. ഇത്രയും പുതപ്പു വേണോ എന്ന് ഞാൻ ചോദിച്ചു . ഒരു മണിക്കൂർ ഉറക്കം കഴിഞ്ഞു എണീറ്റപ്പോൾ, അപാര തണുപ്പാണ് ചുറ്റും. അപ്പോഴാണ്, പുതപ്പവർ കൊണ്ടുവന്നതിന്റെ കാരണം മാനസ്സിലാക്കാൻ പറ്റിയത്.
അസറിനു ശേഷം ഞങ്ങൾ ആപ്പിൾ തോട്ടത്തിലേക്ക് പോയി. ഇളം വെയിലിനു ചൂട് ഒട്ടുമില്ല. കാറ്റടിക്കുമ്പോൾ ദേഹത്തു കുളിരു നിറയും. പലതരം ആപ്പിൾ ചെടികളെ സാഖിബ് പരിചയപ്പെടുത്തി. ആപ്പിൾ കശ്മീരികളുടെ ഏറ്റവും പ്രിയപ്പെട്ട പഴമാണ്. അവർക്കത് ധനം നൽകുന്നു എന്നത് കൊണ്ട് മാത്രമല്ല. മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ല എന്ന ചൊല്ല് കാശ്മീരികളെ സംബന്ധിച്ച് അനർഥകമാണ്. സീസൺ അല്ലെങ്കിലും അവർക്ക് നോമ്പ് തുറക്കാൻ ആപ്പിൾ വേണം. കശ്മീരി ആപ്പിളിന്റെ രുചിയെക്കുറിച്ചു അവർ നിരന്തരം പറഞ്ഞോണ്ടിരിക്കും. പ്രിയപ്പെട്ട ഒന്നിനെക്കുറിച്ചുള്ള ആ പറച്ചിലുകൾ നമ്മിൽ മുഷിപ്പുണ്ടാക്കുകയേയില്ല. അന്ന് നോമ്പ് തുറക്കാൻ കശ്മീരി വാസ്വാനും ആപ്പിൾ ജ്യൂസുമായിരുന്നു. പച്ചരിച്ചോറും ചിക്കന്റെയും മട്ടന്റെയും അനേകം വിഭവങ്ങളും ചേർത്തുണ്ടാക്കുന്ന പതിനഞ്ചോളം ഭക്ഷണ ഇനങ്ങളാണ് വാസ്വാനിൽ ഉണ്ടാവുക. അതിഥികൾ വന്നാൽ അവർ അതുണ്ടാക്കും. ഓരോന്നും അൽപ്പമെങ്കിലും കഴിച്ചു അവരെ ഉള്ളു നിറക്കാൻ ഏറെ ശ്രമിക്കേണ്ടി വന്നു.
മഗ്‌രിബ് കഴിഞ്ഞു പള്ളികളിൽ നിന്ന് വിവിധ തരം സൂഫീ ഗീതങ്ങൾ ഉയരുന്നു. വീട്ടിലെ സ്ത്രീകൾ അതിന്റെ ചൊല്ലലിൽ പങ്കാളികളാകുന്നു. പുരുഷന്മാർ തറാവീഹിനായി പുറപ്പെടുന്നു. ഇലാഹീ സ്മൃതിയിലേക്ക് ഓരോ വീടും പതിയെ പോകുന്നു. അല്ലാഹുവിന്റെ സകീനത് ഇറങ്ങുന്ന ഒരു ജനതയുടെ റമസാൻ ഇങ്ങനെയായിരിക്കുമെന്നു എനിക്ക് തോന്നി.