Connect with us

Uae

റമസാൻ ഇഫ്താർ വിളംബര പീരങ്കികൾ തയാർ

എമിറേറ്റിലുടനീളം നിശ്ചിത സ്ഥലങ്ങളിൽ ഏഴ് എണ്ണം സജ്ജീകരിച്ചിട്ടുണ്ട്.

Published

|

Last Updated

ദുബൈ|റമസാൻ മാസത്തിൽ ഇഫ്താർ വിളംബരം ചെയ്യാൻ പീരങ്കി പൊട്ടിക്കുന്ന സ്ഥലങ്ങൾ പോലീസ് നിശ്ചയിച്ചു. ഈ വർഷത്തെ റമസാൻ പീരങ്കികളുടെ സ്ഥലങ്ങൾ പ്രഖ്യാപിച്ചു. എമിറേറ്റിലുടനീളം നിശ്ചിത സ്ഥലങ്ങളിൽ ഏഴ് എണ്ണം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വിശുദ്ധ മാസം മുഴുവൻ 17 വ്യത്യസ്ത താമസ കേന്ദ്രങ്ങളിൽ ഒരു റോമിംഗ് പീരങ്കി എത്തും. എക്സ്പോ സിറ്റി ദുബൈ (പ്രധാന സ്ഥലം), ഡമാക് ഹിൽസ്, മിർദിഫ്, ബുർജ് ഖലീഫ, അൽ വാസ്ൽ (ദുബൈ റിയൽ എസ്റ്റേറ്റ് കോർപ്പറേഷൻ)ഹത്ത ഫോർട്ട് ഹോട്ടൽ, കൈറ്റ് ബീച്ചിലെ സാൾട്ട് ക്യാമ്പ്,ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ സ്ഥിരമായിരിക്കും.
അഫ്‌ലാഖ് അൽ മെയ്ദാനിൽ നിന്ന് യാത്ര ആരംഭിച്ച് അൽ സത്്വ ഗ്രാൻഡ് മസ്ജിദ്, അൽ മർമൂം, സബീൽ പാർക്ക്, അൽ ഖവാനീജ് മജ്്ലിസ്, ഫെസ്റ്റിവൽ സിറ്റി, വാസൽ 1 കമ്മ്യൂണിറ്റി, മദീനത്ത് ജുമൈറ, അൽ ബർശ പാർക്ക്, അൽ ഹബാബ്, നാദ് അൽ ശിബ 1, അൽ ഗാഫ് വാക്ക്, അയ്ടൻ മിർദിഫ്, മർഗാം, ലുലു വില്ലേജ്, നാദ് അൽ ശീബ പാർക്ക്, ബുർജ് ഖലീഫ, ജുമൈറ കൈറ്റ് ബീച്ച് എന്നിവയുൾപ്പെടെ വിവിധ അയൽപക്കങ്ങളിലൂടെ ഒരു പീരങ്കി സഞ്ചരിക്കും. ഇത് ഈ പ്രിയപ്പെട്ട പാരമ്പര്യത്തിന് കൂടുതൽ വിശാലമായ വ്യാപ്തി ഉറപ്പാക്കുന്നു.
ഇഫ്താറിന്റെ ആരംഭം സൂചിപ്പിക്കുന്നതിന് എല്ലാ വൈകുന്നേരവും സൂര്യാസ്തമയ സമയത്ത് സ്റ്റേഷണറി പീരങ്കികൾ വെടിവെക്കും. അതേസമയം റോമിംഗ് പീരങ്കി രണ്ട് ദിവസത്തിലൊരിക്കൽ ഒരു പുതിയ സ്ഥലത്തേക്ക് മാറ്റും. ഇത് വിവിധ സമൂഹങ്ങളിലെ താമസക്കാർക്ക് പാരമ്പര്യം അനുഭവിക്കാൻ വേണ്ടിയാണ്.
“ഈ വർഷം സ്ഥലങ്ങളുടെ എണ്ണത്തിൽ വർധനവുണ്ട്. റമസാൻ പാരമ്പര്യം പ്രതീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന സമൂഹത്തിലെ വിശാലമായ ഒരു വിഭാഗത്തിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നു.’ ദുബൈ പോലീസിലെ ഓപറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ്കമാൻഡന്റ്മേജർ ജനറൽ അബ്ദുല്ല അൽ ഗൈതി പറഞ്ഞു. സ്റ്റേഷണറി പീരങ്കി ലൊക്കേഷനുകളിൽ, 1960-കളിൽ നിർമിച്ച രണ്ട് പഴയ ഫ്രഞ്ച് പീരങ്കികൾ ഉപയോഗിക്കും. 25 പൗണ്ട് ഭാരമുള്ള പീരങ്കികൾ 170 ഡെസിബെൽ ശബ്ദം പുറപ്പെടുവിക്കുകയും പത്ത് കിലോമീറ്റർ ദൂരം എത്തുകയും ചെയ്യും.
എക്‌സ്‌പോ സിറ്റിയിൽ “റമസാൻ ഡിസ്ട്രിക്റ്റ്’ ഒരുക്കും. ശിൽപ്പശാലകൾ, തത്സമയ പ്രകടനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കും. ദിവസവും വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ ഒന്ന് വരെ നീണ്ടുനിൽക്കും. പരിപാടികൾ കുടുംബങ്ങൾക്കും സന്ദർശകർക്കും ആസ്വദിക്കാനുള്ള അവസരം നൽകുന്നു.

Latest