Ramzan
റമസാൻ വിശ്വാസികൾക്ക് സന്തോഷ കാലം
നോമ്പിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്ന നല്ലതല്ലാത്ത സംസാരങ്ങളും ചെയ്തികളും ഒഴിവാക്കിയാൽ മാത്രമേ ഭക്ഷണവും വെള്ളവും വർജിക്കുന്നതിന് അർഥമുള്ളൂ.
ഇന്നലെ സന്ധ്യാ സമയത്ത് ചന്ദ്രക്കല ദൃശ്യമായതോടെ ഈ വർഷത്തെ റമസാൻ സമാഗതമായിരിക്കുന്നു. ഇനിയുള്ള ഒരു മാസക്കാലത്തെ പകലുകളും രാത്രികളും പ്രഭാതങ്ങളും പ്രദോഷങ്ങളുമെല്ലാം വളരെയധികം മൂല്യമുള്ള സമയങ്ങളാണ്.
റമസാനിലെ പകലിൽ നോമ്പനുഷ്ഠിക്കാനായി വിശ്വാസികളോട് ഖുർആനിലൂടെ അല്ലാഹു ഉദ്ഘോഷിക്കുന്നുണ്ട്. രോഗം, യാത്ര തുടങ്ങിയ കാരണങ്ങൾ കൊണ്ട് റമസാനിൽ നോമ്പെടുക്കാൻ സാധിക്കാത്തവരോട് ഒഴിവായിപ്പോയ നോമ്പുകളുടെ എണ്ണമത്രയും പിന്നീട് വീണ്ടെടുക്കാനും കൽപ്പിക്കുന്നു. ആരോഗ്യ ശേഷിയുള്ള വിശ്വാസികളാരും കാരണങ്ങളില്ലാതെ റമസാൻ വ്രതം ഉപേക്ഷിക്കരുത്; അത് നിർബന്ധ ബാധ്യതയാണ്.
മനുഷ്യരുടെ ജീവൻ നിലനിർത്തുന്നതിന് തന്നെ അത്യാവശ്യമായ, അന്ന- പാനീയങ്ങൾ പ്രഭാതം മുതൽ സൂര്യാസ്തമയം വരെ പൂർണമായും ത്യജിക്കുന്നതാണ് നോമ്പ്. മത നിയമങ്ങൾക്കനുസൃതമായും അല്ലാഹുവിന്റെ ആജ്ഞ ശിരസാ വഹിക്കുന്നതിന്റെ ഭാഗമായും ത്യാഗം സഹിക്കാൻ തയ്യാറാകുന്നവർക്കേ നോമ്പിന്റെ പ്രതിഫലം ലഭിക്കുകയുള്ളൂ. പരിശുദ്ധ റമസാനിനെ ആദരിച്ച് നോമ്പെടുക്കുന്നവരിൽ മാത്രമേ ആത്മീയ പ്രതിഫലനങ്ങളും ഉണ്ടാവുകയുള്ളൂ.
നോമ്പിനെ കുറിച്ച് അല്ലാഹു പറഞ്ഞത് അബൂ ഹുറൈറ (റ) നിവേദനം ചെയ്ത ഹദീസിലൂടെ നബി (സ) പറയുന്നു: “അവൻ ഭക്ഷണം വേണ്ടെന്ന് വെക്കുന്നതും വെള്ളം കുടിക്കാതിരിക്കുന്നതും മറ്റ് ശാരീരിക താത്പര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതും ഞാൻ കാരണമാണ്. നോമ്പ് എനിക്കു വേണ്ടിയുള്ളതാണ്. ഞാനാണതിന് പ്രതിഫലം നൽകുന്നത്. ഒരു നന്മക്ക് പത്തിരട്ടിയാണ് പ്രതിഫലം ലഭിക്കുക.’
പത്തിരട്ടിയേ ലഭിക്കൂവെന്നല്ല. പത്ത് മുതൽ 700 ഇരട്ടി വരെ ലഭിക്കുമെന്ന് മുസ്‌ലിം റിപോർട്ട് ചെയ്ത ഹദീസിലുണ്ട്.
നോമ്പിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്ന നല്ലതല്ലാത്ത സംസാരങ്ങളും ചെയ്തികളും ഒഴിവാക്കിയാൽ മാത്രമേ ഭക്ഷണവും വെള്ളവും വർജിക്കുന്നതിന് അർഥമുള്ളൂ.
കളവ് പറയൽ, ഏഷണി, പരദൂഷണം, പരിഹാസം, ചീത്തവിളി തുടങ്ങിയവ റമസാനിലും അല്ലാത്ത മാസങ്ങളിലും നിഷിദ്ധമാണ്. നോമ്പെടുത്ത് കൊണ്ട് ഇവയെ തൊട്ട് നാവിനെ സൂക്ഷിക്കാതിരുന്നാൽ നോമ്പിന്റെ പ്രതിഫലം നഷ്ടമാകും.
സത്കർമങ്ങൾ സാധാരണ ചെയ്യുന്നതിനെക്കാൾ പ്രതിഫലം കിട്ടുമെന്ന വാഗ്ദാനമുള്ളത് കൊണ്ടു തന്നെ പരമാവധി സമയം നന്മയിൽ വ്യാപൃതരാകാൻ ശ്രദ്ധിക്കുക. നന്മകൾ വർധിക്കുന്നതിനനുസരിച്ച് ചെറുപാപങ്ങൾ പൊറുക്കപ്പെടും. പവിത്രതയേറിയ
റമസാൻ കടന്നുവന്നിട്ട് പാപമോക്ഷം വരുത്താതെ അതിനെ യാത്രയാക്കുന്നത് വിശ്വാസിക്ക് യോജിച്ചതല്ല. ഈ സുവർണാവസരം ഉപയോഗപ്പെടുത്താത്തവർക്ക് നാശം ഭവിക്കുമെന്ന് ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം.
ഖുർആൻ പാരായണം ചെയ്തും ജമാഅത്ത് നിസ്കാരങ്ങളിലും തറാവീഹിലും സജീവമായി പങ്കെടുത്തും ദാന ധർമങ്ങൾ നൽകിയും പള്ളികളിൽ ഇഅ്തികാഫിരുന്നും കാരുണ്യവാനായ അല്ലാഹുവിലേക്ക് പ്രതീക്ഷയോടെ കരങ്ങളുയർത്തി പ്രാർഥിച്ചും ഈ റമസാനിൽ ആത്മ നിർവൃതിയടയാൻ നമുക്ക് സാധിക്കട്ടെ.