Ramzan
റമസാൻ വരുന്നു; ഒരുക്കങ്ങളുമായി അബൂദബി
നഗരങ്ങളും ഗ്രാമങ്ങളും വർണ വിളക്കുകൾ കൊണ്ട് അലങ്കരിക്കുന്നു
അബുദബി | അബുദബി എമിറേറ്റ് റമസാനിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പള്ളികളും ഓഫീസുകളും പെയിന്റ് അടിച്ചും മറ്റും വൃത്തിയാക്കി. നഗരങ്ങളും ഗ്രാമങ്ങളും വർണ വിളക്കുകൾ കൊണ്ട് അലങ്കരിച്ചു. ഖലീഫ സ്ട്രീറ്റ്, ഇലക്ട്ര സ്ട്രീറ്റ്, ഹംദാൻ സ്ട്രീറ്റ്, കോർണിഷ്, നഗരത്തിലെ പാലങ്ങൾ എന്നിവ ദീപാലംകൃതമാണ്.
എമിറേറ്റിൽ പ്രവർത്തിക്കുന്ന ഹൈപ്പർ, സൂപ്പർ മാർക്കറ്റുകൾ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ് റമസാനിന് മുന്നോടിയായി പ്രഖ്യാപിച്ചത്. നിത്യോപയോഗ സാധനങ്ങൾക്ക് പുറമെ വസ്ത്രങ്ങൾക്കും ഫർണിച്ചറുകൾക്കും വീട്ടുപയോഗ സാധനങ്ങൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന ഹൈപ്പർ മാർക്കറ്റായ ലുലു 10,000 സാധനങ്ങൾക്ക് 60 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചതിന് പുറമെ 200 മുകളിലുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വിലനിയന്ത്രണവും ഏർപെടുത്തിയിട്ടുണ്ട്. ലുലുവിൽ നിന്നും ഇപ്പോൾ രണ്ട് വസ്ത്രങ്ങൾ എടുക്കുമ്പോൾ ഒന്ന് സൗജന്യമായി ലഭിക്കും. പെരുന്നാളിനോടനുബന്ധിച്ചും ലുലു വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കും പ്രത്യേകം കിഴിവ് ഏർപെടുത്തുന്നുണ്ട്. അൽ ഐൻ കോപ്പ്, കെ എം ഹൈപ്പർ മാർക്കറ്റ്, ബനിയാസ് സ്പൈക്ക് ഹൈപ്പർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലും റമസാനിന് മുന്നോടിയായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
റമളാനിന്റെ ഭാഗമായി ബവാബത്ത് അൽ ഷർഖ് മാളിൽ റമസാൻ ഏരിയ സജ്ജീകരിച്ചതായി മാൾ അധികൃതർ അറിയിച്ചു. വിശുദ്ധ റംസാൻ മാസത്തിൽ സാമൂഹിക ഐക്യദാർഢ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മാൾ അധികൃതർ അറിയിച്ചു.
അബുദബി അൽ വഹ്ദ മാൾ, മുശ്രിഫ് മാൾ, ഖാലിദിയ മാൾ, മസ്യാദ് മാൾ എന്നിവിടങ്ങളിലും ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ റമസാൻ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----