Connect with us

Uae

റമസാൻ; അടിസ്ഥാന ഉത്പന്ന വില അന്യായമായി വർധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി

പാചക എണ്ണ, മുട്ട, പാലുത്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നീ ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഇനങ്ങളുടെ വില മാർഗനിർദേശങ്ങൾക്കനുസൃതമായി വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്.

Published

|

Last Updated

ദുബൈ|ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഇനങ്ങൾക്ക് പുതിയ വിലനിർണയ നയം നടപ്പിലാക്കുന്നതിൽ പ്രധാന ചില്ലറ വ്യാപാരികൾ വില അന്യായമായി വർധിപ്പിച്ചിട്ടില്ലെന്ന് യു എ ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. പാചക എണ്ണ, മുട്ട, പാലുത്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നീ ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഇനങ്ങളുടെ വില മാർഗനിർദേശങ്ങൾക്കനുസൃതമായി വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ കോപ്പ്, ലുലു, മറ്റ് അഞ്ച് പ്രധാന ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ നടത്തിയ പര്യടനത്തിന് ശേഷമാണ് മന്ത്രി പ്രസ്താവന നടത്തിയത്.
ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ മുൻകൂർ അനുമതി നേടണമെന്ന് 2024 ഡിസംബറിൽ ചില്ലറ വ്യാപാരികൾക്ക് സാമ്പത്തിക മന്ത്രാലയം നിർദേശം നൽകിയിരുന്നു. 2025 മുതൽ അടിസ്ഥാന ഉത്പന്നങ്ങളുടെ തുടർച്ചയായ രണ്ട് വില വർധനവുകൾക്കിടയിൽ കുറഞ്ഞത് ആറ് മാസത്തെ ഇടവേള ഉണ്ടായിരിക്കുമെന്ന നിർദേശവും പുറപ്പെടുവിച്ചു. സാധനങ്ങളുടെ വില വ്യക്തമായി പ്രദർശിപ്പിക്കാനും ആവശ്യപ്പെട്ടു.
പുതിയ വിലനിർണയ നയത്തിന്റെ വിജയകരമായ നടപ്പാക്കൽ ഉറപ്പാക്കുക, മികച്ച ബിസിനസ്സ് രീതികൾ പ്രാപ്തമാക്കുക, വിപണി മേൽനോട്ടം വർധിപ്പിക്കുക, പൗരന്മാർക്കും താമസക്കാർക്കും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി സേവനങ്ങളോ സാധനങ്ങളോ നൽകുന്നതിനെ പിന്തുണയ്ക്കുക എന്നിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.