Cover Story
ന്യൂ കാസിലിലെ റമസാൻ രാവുകൾ
“സഹോദരങ്ങളേ, ഈ രാജ്യത്ത് ആളുകൾ നോമ്പ് അനുഷ്ഠിക്കാൻ പൊതുവെ രണ്ട് രീതികളാണ് അവലംബിക്കാറുള്ളത്. ഒന്ന് സഊദി അറേബ്യയിലെ കണക്കനുസരിച്ച് അവിടെ റമസാൻ ഉറപ്പിച്ചാൽ നമ്മൾ ഇവിടെ റമസാൻ ഒന്നായതായി പരിഗണിക്കും. രണ്ടാമത്തെ രീതി ഇവിടെ മാസം കണ്ടതായി ഉറപ്പ് കിട്ടുന്ന മുറക്ക് നോമ്പനുഷ്ഠിക്കുക. നിങ്ങൾക്ക് ഇതിൽ ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാവുന്നതാണ്. ഒരു കൂട്ടായ്മ എന്ന നിലയിൽ നമ്മൾ പിന്തുടർന്ന് പോരാറുള്ളത് ആദ്യത്തെ രീതിയാണ്. അതനുസരിച്ച് ഇന്ന് റമസാൻ ഒന്നായിരിക്കുന്നു. ഇശാഅ് നിസ്കാരം കഴിഞ്ഞ് തറാവീഹ് നിസ്കാരമുണ്ടായിരിക്കും’. ഇശാഅ് നിസ്കാരത്തിനായി കാത്തിരിക്കുന്നവരോടായി പാക്കിസ്ഥാനിയായ ഇമാം പറഞ്ഞു. യു കെയിലെ എന്റെ ആദ്യത്തെ റമസാൻ അവിടെ തുടങ്ങുകയായിരുന്നു. നോമ്പനുഭവം പറഞ്ഞുതുടങ്ങാൻ പക്ഷെ നമുക്ക് നാലഞ്ച് മാസം പിറകിലേക്ക് പോകേണ്ടതുണ്ട്.
രാവിലെ എട്ട് മണിക്ക് കരിപ്പൂരിൽ നിന്ന് തുടങ്ങി ദുബൈ വഴി പതിനഞ്ച് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ നവംബറിലെ ഒരു തണുത്തുറഞ്ഞ രാത്രി ആറ് മണിയോടടുപ്പിച്ച് ഞങ്ങൾ ന്യൂകാസിൽ എയർപോർട്ടിൽ വന്നിറങ്ങി. ഈ സമയത്തിന്റെ കണക്കിലെന്തോ പിശകുണ്ടല്ലോ എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടായിരിക്കും. സമയത്തെയും കാലത്തെയും കുറിച്ചുള്ള നമ്മുടെ കണക്കുകളെയും തീർച്ചകളെയുമാണ് യാത്രകൾ ആദ്യം പിടിച്ചുലക്കുന്നത്. നാട്ടിൽ അപ്പോഴേക്കും അർധരാത്രി ആയിരുന്നെങ്കിലും യു കെയിൽ രാത്രി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മൂന്നാം ലോകക്കാർ ഒരുപാട് കാലം പിറകിലാണ് ഓടുന്നത് എന്നൊരാക്ഷേപം കേൾക്കാറുണ്ടെങ്കിലും സമയത്തിൽ നമ്മൾ പടിഞ്ഞാറുമായി ഒരുപാട് മുന്നിലാണല്ലോ. ഇത്ര നേരം യാത്ര ചെയ്‌തെങ്കിലും അഞ്ചര മണിക്കൂർ ലാഭിക്കാനായല്ലോ എന്ന് ആശ്വസിച്ച് കിടക്കാനൊരുങ്ങുമ്പോൾ സമയവും കാലവും കളിക്കുന്ന നാടകങ്ങൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
കുറഞ്ഞ പകലും ദൈർഘ്യം കൂടിയ രാത്രികളുമാണ് യു കെയിലെ തണുപ്പ് കാലം. അഞ്ചേമുക്കാലിന് സുബ്ഹി ബാങ്ക് കൊടുത്താൽ വൈകീട്ട് ആറ് മണി ആകുമ്പോഴേക്കും മഗ്‌രിബും കഴിഞ്ഞ് ഇശാഅ് ബാങ്ക് കൊടുത്തിട്ടുണ്ടാകും. ഞങ്ങൾ താമസിക്കുന്ന യു കെയുടെ വടക്ക് കിഴക്കൻ മേഖലയിലെ മിഡിൽസ്‌ബ്രോ എന്ന ചെറിയ പട്ടണത്തിൽ മൂന്ന് മണി ആകുമ്പോഴേക്കും ഇരുട്ട് വീണ് കടകൾ അടച്ചു തുടങ്ങുകയും നിരത്തുകൾ വിജനമാകുകയും ചെയ്യും. തണുപ്പ് കാലത്ത് നട്ടുച്ചക്കും സൂര്യൻ കാണാക്കാഴ്ചയാണ്. സമയ മാറ്റവുമായി ശരീരം പൊരുത്തപ്പെട്ട് തുടങ്ങിയിരുന്നില്ലാത്ത ആദ്യ ദിവസങ്ങളിൽ ആറ് മണി ആകുമ്പോഴേക്കും ഉറക്കം വന്ന് തുടങ്ങി. ഡിസംബറിൽ ക്രിസ്മസ് ആഘോഷത്തിനെങ്കിലും പട്ടണം കൂടുതൽ സജീവമാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സംഭവിച്ചത് മറിച്ചാണ്. നഗരം തോരണങ്ങൾ കൊണ്ട് മനോഹരമായെങ്കിലും കടകളെല്ലാം നേരത്തെ അടക്കുകയോ തീരെത്തന്നെ തുറക്കാതിരിക്കുകയോ ആണ് ചെയ്തത്. ക്രിസ്മസിന് കുടുംബങ്ങളോടൊപ്പം വീടുകളിൽ തന്നെ കഴിയുക എന്നതാണത്രേ പതിവ്. ജനുവരി ആകുമ്പോഴേക്കും രാവിലെ ആറരക്ക് സുബ്ഹിയും വൈകുന്നേരം അഞ്ചേ നാൽപ്പതിന് ഇശാഉമായി. നിസ്കാരമെല്ലാം പകലിൽ തന്നെ തീർന്ന പോലെ. നിരത്തുകളും പാർക്കുകളും ആളുകളില്ലാതെ നിശ്ശബ്ദത പുതച്ച് ഏകാന്തമായി. വെളിച്ചക്കുറവ് മൂലം ദിവസം മുഴുവൻ ഒരു വലിയ രാത്രിപോലെ അനുഭവപ്പെട്ടു. അതിനിടയിൽ അപൂർവമായി മാത്രം വരുന്ന തെളിഞ്ഞ ദിസങ്ങളിൽ ആളുകളെ അങ്ങിങ്ങായി പുറത്ത് കണ്ടു. എല്ലാവരെയും പോലെ ഞങ്ങളും ചൂടും വെളിച്ചവും പ്രതീക്ഷിച്ച് വസന്തവും വേനലും വരുന്നതും കാത്തിരിപ്പായി.
മാർച്ച് മാസം വന്നതോടെ കാലാവസ്ഥ മാറിത്തുടങ്ങി. പകലുകൾ കൂടുതൽ പ്രകാശമാനമാവുകയും ദൈർഘ്യമുള്ളതാവുകയും ചെയ്തു. ആളുകൾ വെയിൽ കായാനായി പുറത്തിറങ്ങിത്തുടങ്ങി. അങ്ങനെയിരിക്കെ വെറുതെ പള്ളിയിലെ നിസ്കാര സമയത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് പൊതുവെ ഓരോ ദിവസത്തെയും നിസ്കാര സമയങ്ങൾക്കിടയിൽ രണ്ടോ മൂന്നോ മിനുട്ട് ഏറ്റക്കുറച്ചിലുണ്ടാകുമ്പോൾ പെട്ടെന്നൊരു ദിവസം അത് ഒരു മണിക്കൂറോളം മാറുന്നത് ശ്രദ്ധയിൽ പെട്ടത്. മാർച്ച് 26ന് സുബ്ഹി ബാങ്ക് സമയം 4:11 ആണെങ്കിൽ 27ന് അത് 5:08 ആണ്. 8:11നുള്ള ഇശാഅ് ബാങ്കിന് തൊട്ടടുത്ത ദിവസം നൽകിയിരിക്കുന്ന സമയം 9:15. നിസ്കാര സമയത്തിലുള്ള ഈ കൗതുകം നിറഞ്ഞ മാറ്റമാണ് വേനൽ കാലത്തോടൊപ്പം “വേനൽ സമയം’ (British Summer Time) എന്ന സംവിധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് എത്തിച്ചത്.
തണുപ്പ് കാലത്ത് നഷ്ടപ്പെട്ട സൂര്യപ്രകാശം കൂടുതലായി അനുഭവിക്കാനായി മാർച്ചിലെ അവസാന ഞായറാഴ്ച്ച രാത്രി ക്ളോക്കുകൾ മുന്നിലേക്ക് തിരിച്ചുവെച്ചാണ് “വേനൽ സമയം’ നടപ്പിലാക്കുന്നത്. അതോടെ “ഗ്രീൻവിച്ച് മീൻ ടൈമി’ൽ നിന്നും “ബ്രിട്ടീഷ് സമ്മർ ടൈമി’ലേക്ക് യു കെയിലെ സംവിധാനങ്ങൾ മാറുന്നു. 1784 ൽ ബെഞ്ചമിൻ ഫ്രാൻക്ലിൻ ആണ് ഇങ്ങനെ ഒരാശയം മുന്നോട്ടുവെക്കുന്നത് എങ്കിലും ഇരുപതാം നൂറ്റാണ്ടിലാണ് ബ്രിട്ടനിൽ ഇത് നടപ്പിലാക്കിയത്. രാവിലെ കുതിര സവാരിക്കിറങ്ങിയ വില്യം സൂര്യൻ നേരത്തെ ഉദിച്ചെങ്കിലും ആളുകൾ സമയം ഉറങ്ങി നഷ്ടപ്പെടുത്തുന്നത് കണ്ടാണ് “THE WASTE OF DAYLIGHT’ എന്ന പേരിൽ ഒരു ബില്ല് മുന്നോട്ടുവെക്കുന്നത്. ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട് തിരിച്ച് വെച്ചാൽ പകൽ നേരത്തെ തുടങ്ങുകയും വിന്ററിൽ നഷ്ടപ്പെട്ട പകൽ സമയം വൈകുന്നേരങ്ങളിൽ വീണ്ടെടുക്കുകയും ചെയ്യാം എന്നതായിരുന്നു ആശയം. സമയമാറ്റം നിർദേശിച്ചുകൊണ്ട് വില്യം വില്ലറ്റ് അവതരിപ്പിച്ച ബില്ലിൽ കടലിൽ യാത്രചെയ്യുന്നവർ ഒരു ദിവസം തന്നെ പലതവണ സംഭവിക്കുന്ന സമയമാറ്റവുമായി അനായാസം ഒത്തുപോകുമ്പോൾ കരയിൽ എന്തുകൊണ്ടാണ് അത് സാധ്യമാകാത്തത് എന്ന് ചോദിക്കുന്നുണ്ട്. കടലിൽ സമയം കൂടുതൽ അയവുള്ളതാകുമ്പോൾ (ഒഴുക്കും, വഴക്കവുമുള്ള ജലത്തെപ്പോലെ) കരയിൽ ഉറച്ചതും മറുകിയതുമായി മാറിയത് എന്തുകൊണ്ടാവും എന്ന ആലോചന രസകരമായിരിക്കുമെന്ന് തോന്നുന്നു.
നേരത്തെ ഒരുങ്ങാനായി നമ്മൾ ക്ലോക്കും വാച്ചുമെല്ലാം അഞ്ച് മിനുട്ടും പത്ത് മിനുട്ടും മുന്നിലേക്ക് തിരിച്ച് വെക്കുന്നതിന്റെ ഒരു വലിയ പതിപ്പാണ് യാഥാർഥത്തിൽ സമ്മർ ടൈം. ഒരു രാജ്യം മൊത്തം ഇങ്ങനെ തിരിച്ച് വെച്ചാൽ എങ്ങനെയിരിക്കും? അതുതന്നെ. അപ്പോൾ ശരിക്കും സമയം ഒരു മണിക്കൂർ പിന്നിലാണെങ്കിലും നമ്മളെല്ലാവരും സമയം ഒരു മണിക്കൂർ മുന്നിലാണ് എന്ന് തീരുമാനിക്കുന്നു. അപ്പോൾ ഏതാണ് ശരിയായ സമയം? മുന്നിലുള്ള ഇപ്പോഴുള്ള സമയമോ? അതോ പിന്നിലുള്ള പഴയ സമയമോ? നമ്മളെല്ലാവരും തീരുമാനിച്ചാൽ മുന്നോട്ടും പിന്നോട്ടും വേണ്ടപോലെ നീക്കാവുന്നതാണോ സമയം? നമ്മുടെ ഇത്തരത്തിലുള്ള ഒത്തുകളികൾക്കപ്പുറത്ത് ശരിക്കുമുള്ള സമയം എന്ന ഒന്നുണ്ടോ? ഒരേ സമയം വൈവിധ്യം നിറഞ്ഞ ഒരുപാട് സമയങ്ങൾ സാധ്യമാണോ? ലളിതമെന്ന് തോന്നാമെങ്കിലും പ്രപഞ്ചത്തെക്കുറിച്ചും, നമ്മുടെ അസ്തിത്വത്തെക്കുറിച്ചും ആഴത്തിലുള്ള ആലോചനകളിലേക്ക് വാതിൽ തുറക്കുന്നതാണ് ഇത്തരം ചോദ്യങ്ങളെല്ലാം. ഇന്ന് നിലനിൽക്കുന്ന ഏകീകൃതമായ ആഗോള സമയത്തിന്റെ സ്ഥാപനത്തിലും വ്യാപനത്തിലും ബ്രിട്ടീഷ് കോളനി വത്കരണ ചരിത്രത്തിന് ഒഴിച്ചുകൂടാനാകാത്ത സ്ഥാനമുണ്ട് എന്ന കാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്. ഒക്ടോബർ മാസത്തിലാണ് യു കെയിൽ ഈ സമയം കൊണ്ടുള്ള കളി അവസാനിപ്പിച്ച് പൂർവ സ്ഥിതിയിലേക്ക് മാറുന്നത്.
യു കെയിലെത്തിയതിന് ശേഷമുണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന് മൊബൈൽ ഫോണിൽ നിസ്കാര സമയവും, കാലാവസ്ഥയും കാണിക്കുന്ന വിജെറ്റുകൾ ഉൾപ്പെടുത്തുക എന്നതാണ്. നാട്ടിൽ നിന്നും വ്യത്യസ്തമായി സമയത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന തുടർച്ചയായ മാറ്റങ്ങളിൽ നിരന്തരം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഒരേ ദിവസം തന്നെ മഞ്ഞും, വെയിലും, മഴയും അനുഭവിക്കാവുന്ന തരത്തിൽ അസ്ഥിരമാണ് കാലാവസ്ഥ. പുറത്തിറങ്ങണമെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്ന് ഇന്ന് എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കേണ്ടത് എന്ന് വെതർ ആപ്പിൽ നോക്കുകയാണ്. യു കെയിലെ റമസാൻ അനുഭവം എന്നത് ഈ പശ്ചാത്തല വിവരണത്തിലൂടെ മാത്രമേ പൂർത്തിയാവൂ എന്നതിനാലാണ് ഇത്രയും പറഞ്ഞത്. ഓരോ ദിവസവും അത്താഴത്തിന് എഴുന്നേൽക്കുന്നതിനും, നോമ്പ് തുറക്കുന്നതിനും സമയം മുൻകൂട്ടി തീർച്ചപ്പെടുത്തി വേണം അലാറം വെക്കാനും തയ്യാറെടുപ്പുകൾ തുടങ്ങാനും. റമസാനിന്റെ തുടക്കത്തിൽ 5:15 നുള്ള സുബ്ഹി ബാങ്ക് പെരുന്നാളാകുമ്പോഴേക്കും 4:10നായി മാറും. മഗ്‌രിബ് 7:49ന് തുടങ്ങി മെയ് മാസമാകുമ്പോൾ 8:45ലെത്തും. ഇശാഅ് ബാങ്ക് കൊടുക്കാൻ പത്തുമണി കഴിയും. പതിനേഴ് മണിക്കൂറോളം നീണ്ടുനിൽക്കുന്ന പകൽ നോമ്പനുഷ്ഠിക്കുക എന്നത് തണുത്ത കാലാവസ്ഥ കാരണം ബുദ്ധിമുട്ടല്ല. വീട്ടിൽ നിന്ന് തന്നെ ജോലിയെടുക്കാവുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
കൂടെ ജോലി ചെയ്യുന്നവരിൽ ഫലസ്തീൻ, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ളവർ അവരുടെ നാടുകളിലെ നോമ്പും, ആഘോഷങ്ങളും, ഇന്ത്യൻ യാത്രാനുഭവങ്ങളും പങ്കുവെക്കും.
മിക്കവാറും സംസാരം ഭക്ഷണത്തിൽ ചെന്നായിരിക്കും നിൽക്കുക. കുനാഫയും ബക്കലവയും ഹലീമും സമൂസയും അടങ്ങുന്ന വൈവിധ്യം നിറഞ്ഞ വിഭവങ്ങൾ ലണ്ടനിൽ എവിടെയെല്ലാം കിട്ടും എന്ന് സ്വീഡനിൽ നിന്നുള്ള മോണിക്ക എഴുതിയെടുക്കും. ഫലസ്തീനിലെ ബെത്്ലഹേമിൽ ജനിച്ച ഒസാമയാണ് ചർച്ചകളിൽ ഏറ്റവും സജീവം. ലോകത്ത് ഏറ്റവുമധികം ആഘോഷങ്ങളുള്ള നാടാണ് ഫലസ്തീൻ എന്നതാണ് ഒസാമയുടെ പക്ഷം. ക്രിസ്മസ് തന്നെ വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗങ്ങൾ അവരുടെ അഭിപ്രായ വൈവിധ്യമനുസരിച്ച് ആഘോഷിച്ച് തീർക്കാൻ മാസങ്ങളെടുക്കും. മുസ്‌ലിം നോമ്പും, ക്രിസ്ത്യൻ നോമ്പും അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യൻ നോമ്പാണ് ഒസാമയുടെ അഭിപ്രായത്തിൽ സൗകര്യം. നോമ്പെടുത്ത് തന്നെ വയർ നിറയെ ഫലാഫെൽ കഴിക്കാം എന്നതാണ് അതിനവർ പറഞ്ഞ ന്യായം. സിറിയക്കാരൻ ജോർജും അക്കാര്യം ശരിവെച്ച്. “ബെത്്ലഹേമിൽ എല്ലാവരും മതഭേദമന്യേ എല്ലാവരുടെയും ആഘോഷങ്ങളുടെ ഭാഗമാണ്’ ഒസാമ പറഞ്ഞു. അതുകൊണ്ട് തന്നെ വർഷം മുഴുവൻ അവിടെ ആഘോഷം തന്നെയാണ്. ഒടുക്കം നാട്ടിലെ റമസാൻ അനുഭവങ്ങൾ നഷ്ടപ്പെട്ടതിന്റെ പരിഭവങ്ങളും പങ്കുവെച്ച് ഓരോരുത്തരുടെയും നാടുകൾ കൂട്ടമായി സന്ദർശിക്കുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തണം എന്ന തീരുമാനത്തിൽ സംസാരം പിരിയും.
.