Connect with us

Kerala

റമസാന്‍: ആത്മീയ, ധാര്‍മിക ജീവിതം പരിശീലിക്കുക: കാന്തപുരം

മറ്റുള്ളവരെ വാക്കുകൊണ്ടുപോലും നോവിക്കാതിരിക്കുമ്പോഴാണ് നോമ്പ് പൂര്‍ണമാകൂ

Published

|

Last Updated

കോഴിക്കോട് | സ്വന്തം ജീവിതം നവീകരിക്കാനും സമൂഹത്തിന്റെ സമാധാനവും സ്വസ്ഥതയും ക്ഷേമവും ഉറപ്പുവരുത്താനുമുള്ള ആത്മീയ, ധാര്‍മിക ചിട്ടകളാണ് നോമ്പുകാലത്ത് പരിശീലിക്കേണ്ടതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ആത്മീയ മൂല്യങ്ങളുടെയും ധാര്‍മിക ബോധത്തിന്റെയും അഭാവമാണ് സമൂഹത്തില്‍ അനുദിനം വര്‍ധിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കും കാരണമെന്ന് അദ്ദേഹം റമസാന്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

മത ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നത് പഴഞ്ചന്‍ സ്വഭാവമാണെന്ന ധാരണയും ലിബറല്‍ ചിന്താഗതി വിളംബരം ചെയ്യുന്ന സങ്കേതങ്ങളും പുതുതലമുറയെ പല പ്രശ്‌നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ധാര്‍മിക മൂല്യങ്ങള്‍ പിന്തുടര്‍ന്നെങ്കിലേ സമാധാന സാമൂഹികാന്തരീക്ഷവും സഹജീവി സ്‌നേഹവും സഹായമനസ്‌കയതയും രൂപപ്പെടുകയുള്ളൂ.

തെറ്റായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബോധമുണ്ടാകാനും സാമൂഹിക വിപത്തുകളില്‍ വീണുപോകാതെ ജാഗ്രതയുള്ളവരാവാനും നോമ്പ് മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്. ഭൂമിയിലുള്ള സര്‍വ ജീവജാലങ്ങള്‍ക്കും കരുണ ചെയ്യാനാണ് നോമ്പ് ഉണര്‍ത്തുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രം പോരാ, മറ്റുള്ളവരെ വാക്കുകൊണ്ടുപോലും നോവിക്കാതിരിക്കുമ്പോഴാണ് നോമ്പ് പൂര്‍ണമാകുന്നതെന്നാണ് ഇസ്ലാമിക അധ്യാപനം. ആത്മീയ മൂല്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പരിശീലിക്കാനും സഹജീവികളെ കൂരുണ്യപൂര്‍വം കാണാനും ഈ വ്രതക്കാലം ഏവരും ഉപയോഗപ്പെടുത്തണം.

പ്രയാസപ്പെടുന്ന എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കാനും സഹായങ്ങള്‍ എത്തിക്കാനും ഈ വേളയില്‍ സാധിക്കേണ്ടതുണ്ട്. പലവിധ കാരണങ്ങളാല്‍ ദാരിദ്ര്യം അഭിമുഖീകരിക്കുന്ന മനുഷ്യരെ മറന്ന് നോമ്പുതുറയും മറ്റും ധൂര്‍ത്തിന്റെ മേളയാക്കുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ല. നോമ്പിന്റെ ആത്മവീര്യം ചോര്‍ന്ന് പോകാതെ കൂടുതല്‍ കരുത്തോടെ എല്ലാ പ്രതിസന്ധികളെയും അതിജയിക്കാന്‍ നേരായ വിശ്വാസം പ്രാപ്തമാകേണ്ടതുണ്ടെന്നും കാന്തപുരം സന്ദേശത്തില്‍ പറഞ്ഞു.

 

Latest