Kerala
മലപ്പുറം സ്വലാത്ത് നഗറില്‍ റമസാൻ ആത്മീയ സംഗമം മാർച്ച് 27ന്
രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ ആത്മീയ സംഗമത്തിൽ ലഹരിക്കെതിരെ ജനലക്ഷങ്ങള്‍ പ്രതിജ്ഞയെടുക്കും.

തിരുവനന്തപുരം | ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ പ്രാര്‍ത്ഥനാസംഗമം മാര്‍ച്ച് 27 വ്യാഴാഴ്ച മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്റ് (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ 27-ാം രാവിലാണ് വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ.
ആത്മീയ-വൈജ്ഞാനിക-കാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയാണ് വര്‍ഷങ്ങളായി ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. ലൈലതുല്‍ ഖദ്റ് പ്രതീക്ഷിക്കുന്ന ഈ രാത്രിയില്‍ രാജ്യത്ത് തന്നെ ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ത്ഥനാവേദികൂടിയാണിത്. വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന വെള്ളിയാഴ്ച രാവും 27-ാം രാവും സംഗമിക്കുന്നതിനാല്‍ ഇത്തവണ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മഅ്ദിന്‍ കാമ്പസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന സ്വലാത്ത് പ്രാര്‍ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണ് റംസാന്‍ പ്രാര്‍ഥനാ സമ്മേളനം.
പ്രസ്തുത പരിപാടിയില്‍ ലഹരിക്കെതിരെ ജനലക്ഷങ്ങള്‍ ഒന്നിച്ച് പ്രതിജ്ഞയെടുക്കും. ഇതോടെ മഅദിന്‍ അക്കാദമിക്ക് കീഴില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് തുടക്കമാവും. കാമ്പയിനിന്റെ ഭാഗമായി മഅദിന്‍ ഡീ അഡിക്ഷന്‍ സെന്ററായ മഅദിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍് ഹെല്‍ത്ത് ആന്റ് റിഹാബിലിറ്റേഷന്റെ (മിംഹാര്‍) നേതൃത്വത്തില്‍ ഒരു ലക്ഷം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി ബോധവത്കരണ ക്ലാസ്സ്, പത്ത് ലക്ഷം കുടുംബങ്ങള്‍ക്ക് ലഹരി നിര്‍മാര്‍ജന മാര്‍ഗരേഖ കൈമാറല്‍, ലഹരിമുക്ത നാട് പദ്ധതി, ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് സൗജന്യ ഹെല്‍പ് ലൈനും കൗണ്‍സലിംഗും, 1000 കിലോമീറ്റര്‍ ബോധവത്കരണ യാത്ര തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മക്കളെ കണ്ടെത്താം എന്ന ശീര്‍ഷകത്തില്‍ രക്ഷിതാക്കള്‍ക്കായി വിപുലമായ രീതിയില്‍ വെബിനാര്‍ സംഘടിപ്പിക്കും.
റമളാന്‍ ഒന്ന് മുതല്‍ തന്നെ വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളുമായി മഅദിന്‍ റമസാന്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ആത്മീയ വേദികള്‍, വൈജ്ഞാനിക സദസ്സുകള്‍, റിലീഫ്, പഠന ക്യാമ്പുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഓണ്‍ലൈന്‍ സെഷനുകള്‍, അനുസ്്മരണ വേദികള്‍ എന്നിവ നടന്നുവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംഗമിക്കാനെത്തും.
മാര്‍ച്ച് 25 മുതല്‍ പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ ആരംഭിക്കും. രാവിലെ 10ന് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രചനാ ശില്‍പശാല നടക്കും. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നൂറുകണക്കിന് പണ്ഡിതര്‍ സംബന്ധിക്കും. രചനാ രംഗത്ത് കൂടുതല്‍ പേരെ സൃഷ്ടിക്കുന്നതിനാണ് പ്രസ്തുത ശില്‍പശാല.
മാര്‍ച്ച് 27ന് വൈകുന്നേരം 3മുതല്‍ പുലര്‍ച്ചെ 3വരെ പ്രാര്‍ഥനാ സമ്മേളന സമാപന സംഗമം നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും.
പ്രാര്‍ഥനാ സമ്മേളനത്തിനെത്തുന്നവര്‍ക്ക് സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്താര്‍ ഒരുക്കും. രാജ്യത്തു തന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പു തുറയായിരിക്കും ഇത്. ഇസ്ലാമിന്റെ സമഭാവനയുടെ സന്ദേശം നല്‍കുന്ന ഇഫ്താര്‍ പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചായിരിക്കും സജ്ജീകരിക്കുക. ഇഫ്താറിന് ശേഷം തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തറാവീഹ്, വിത്റ് നിസ്‌കാരം എന്നിവ മഅദിന്‍ ഗ്രാന്റ് മസ്ജിദ്, ഓള്‍ഡ് മസ്ജിദ്, പ്രധാന ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും.
രാത്രി ഒമ്പതിന് മുഖ്യവേദിയില്‍ പ്രാര്‍ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍. സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ത്ഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും തയ്യാര്‍ ചെയ്തിട്ടുണ്ട്. പോലീസ്, ഫയര്‍ ഫോഴ്‌സ്, മെഡിക്കല്‍ വിംഗുകള്‍ ഉള്‍പ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെല്‍പ്പ് ലൈന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കുന്നുണ്ട്.
സ്വലാത്ത് നഗറിലെ പ്രധാന നഗരിക്കു പുറമെ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ ശബ്ദ-വെളിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടങ്ങളിലെല്ലാം നോമ്പ്തുറ, അത്താഴ സൗകര്യങ്ങളും സജ്ജീകരിക്കും. പ്രവാസികള്‍ക്കായി പ്രത്യേക ഗള്‍ഫ് കൗണ്ടറും വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ സൗകര്യവും ഒരുക്കും.
ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കുന്നത്. അടിയന്തിരാവശ്യങ്ങള്‍ക്ക് സൂപ്പര്‍സ്‌പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് നഗരിയില്‍ ക്യാമ്പ് ചെയ്യും. കൂടാതെ ഫയര്‍ഫോഴ്സിന്റെയും 5555 അംഗ വളണ്ടിയര്‍ കോറിന്റെയും സേവനവുമുണ്ടാകും. പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 26ന് ബുധനാഴ്ച രാവിലെ 9 മുതല്‍ പൈതൃക യാത്ര സംഘടിപ്പിക്കും. മണ്‍മറഞ്ഞ് പോയവരെ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തും.
പരിപാടിയുടെ സംഘാടകരായ മഅദിന്‍ അക്കാദമിക്കു കീഴില്‍ പോളിടെക്‌നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ബി ഫാം, എം.ബി.എ, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രം, സ്ത്രീകള്‍ക്ക് പ്രത്യേകമായി ക്യൂ ലാന്റ് ഖുര്‍ആന്‍ പഠന കേന്ദ്രം, ഹിയ അക്കാദമി, ഷീ കാമ്പസ്, ദാറു സഹ്റ, സയന്‍സ് സെന്റര്‍, ഓര്‍ഫനേജ്, കാഴ്ച-കേള്‍വി പരിമിതര്‍, ബുദ്ദിപരമായ വെല്ലുവിളി നേരിടുന്നവര്‍, ഭിന്ന ശേഷിക്കാര്‍ക്കുള്ള ഏബ്ള്‍ വേള്‍ഡ്, ലഹരി മുക്തി കേന്ദ്രം, ലൈഫ് ഷോര്‍ തെറാപ്പി സെന്റര്‍ തുടങ്ങി 54 സ്ഥാപനങ്ങളിലായി മുപ്പതിനായിരത്തി നാനൂറ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ ന്യൂനപക്ഷ പദവിയും ആസ്‌ട്രേലിയ, യു.കെ, മലേഷ്യ, സ്പെയിന്‍, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത യൂനിവേഴ്‌സിറ്റികളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും സഹകരണവുമുണ്ട്.
പ്രാര്‍ത്ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9633158822, 9633677722.
ഇതുസംബന്ധിച്ച് വിളിച്ച വാർത്താ സമ്മേളനത്തിൽ മഅ്ദിന്‍ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സ്വാഗതസംഘം കൺവീനർമാരായ ആലംകോട് ഹാഷിം ഹാജി, അഡ്വ. കെ എച്ച് എം മുനീര്‍, സ്വഗത സംഘം കോർഡിനേറ്റർ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, വര്‍ക്കിംഗ് കോ-ഓര്‍ഡിനേറ്റര്‍ ശാഫി ഫാളിലി എന്നിവർ പങ്കെടുത്തു.