Editorial
രമേശ് ബിധൂരിമാർ പാർലിമെന്റിന് കളങ്കം
ആരും പരാതിപ്പെട്ടില്ലെങ്കിൽ തന്നെയും വർഗീയ പരാമർശം നടത്തുന്നവർക്കെതിര സ്വമേധയാ കേസെടുക്കണമെന്ന് മറ്റൊരു കേസിൽ സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ ഇതാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ തെരുവുകളെ ഭയചകിതമാക്കുകയും മലീമസക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന വംശീയ അധിക്ഷേപവും വിദ്വേഷ പ്രസംഗവും പാർലിമെന്റിലുമെത്തിയിരിക്കുന്നു. ബി എസ് പിയുടെ മുസ്‌ലിം പാർലിമെന്റ് അംഗമായ ദാനിഷ് അലിക്കെതിരെ, മ്ലേച്ഛമായ ശൈലിയിൽ കൊടിയ വംശീയാധിക്ഷേപമാണ് സൗത്ത് ഡൽഹിയെ പ്രതിനിധീകരിക്കുന്ന ബി ജെ പി. എം പി രമേശ് ബിധൂരി കഴിഞ്ഞ ദിവസം നടത്തിയത്. കട്‌വ (ചേലാകർമം നടത്തിയവൻ) മുല്ല ആതങ്കവാദി (മുസ്‌ലിം തീവ്രവാദി) ഭർവ (കൂട്ടിക്കൊടുപ്പുകാരൻ) തുടങ്ങി മ്ലേച്ഛമായ പ്രയോഗങ്ങൾക്കൊടുവിൽ ദാനിഷ് അലിയെ ചൂണ്ടി “ഈ മുല്ലയെ പുറത്തേക്കെറിയൂ’ എന്നും ആക്രോശിക്കുകയുണ്ടായി ഈ അഭിനവ ഹിറ്റ്‌ലർ. പാർലിമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച ചന്ദ്രയാൻ വിജയവുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു ബിധൂരിയുടെ വിദ്വേഷ പരാമർശങ്ങൾ. അയാളുടെ വംശീയാധിക്ഷേപത്തെ തടയാൻ ശ്രമിക്കുന്നതിനു പകരം അതു കേട്ടു ആസ്വദിച്ചു ചിരിക്കുകയായിരുന്നു മുൻ മന്ത്രിമാരായ ഹർഷ വർധൻ, രവിശങ്കർ പ്രസാദ് തുടങ്ങി പല ബി ജെ പി അംഗങ്ങളും.
ദാനിഷ് അലിക്കെതിരെ മാത്രമുളള വംശീയാധിക്ഷേപമല്ല ഇത്. മൊത്തം മുസ്‌ലിം സമുദായത്തിനെതിരെയാണ്. ബി ജെ പിക്കാർക്കും സംഘ്പരിവാർ സംഘനടകൾക്കും രാജ്യത്തെ മുസ്‌ലിംകളെക്കുറിച്ചുള്ള വീക്ഷണവും നിലപാടുമാണ് രമേശ് ബിധൂരിയുടെ വിഷമയമായ നാക്കിലൂടെ പുറത്തു വന്നത്. തൃണമൂൽ കോൺഗ്രസ്സ് എം പി മെഹുവ മൊയ്ത്ര അഭിപ്രായപ്പെട്ടതു പോലെ, ബി ജെ പി സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കയാണ് മുസ്‌ലിംകളെ അധിക്ഷേപിക്കലും വംശീയാധിക്ഷേപം നടത്തലും. യഥാർഥത്തിൽ മുസ്‌ലിംകളോട് തീരാത്ത കടപ്പാടുള്ളവരാണ് ഇന്ത്യൻ ജനത മൊത്തം. അധിനിവേശ ശക്തികൾക്കെതിരെ മുസ്‌ലിം ദേശാഭിമാനികൾ കൂടി നടത്തിയ ശക്തവും ധീരവുമായ പോരാട്ടത്തെ തുടർന്നാണ് രാജ്യം 1947ൽ സ്വാതന്ത്ര്യം നേടിയത്. ദേശീയ സമരത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള ഏത് ഘട്ടങ്ങളെടുത്തു പരതിയാലും മുസ്‌ലിം ദേശാഭിമാനികളുടെ പങ്ക് തെളിഞ്ഞു കാണാം. സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് മുസ്‌ലിം രക്തസാക്ഷികളുടെ പേര് നീക്കിയതു കൊണ്ടു തമസ്‌കരിക്കാനാകില്ല ഈ ചരിത്ര സത്യം.
ഗാന്ധിക്കും നെഹ്‌റുവിനുമൊപ്പം മൗലാനാ മുഹമ്മദലിയും ശൗക്കത്തലിയും മൗലാനാ ആസാദും ടിപ്പു സുൽത്താനും മമ്പുറം തങ്ങളും ആലി മുസ്‌ലിയാരും വാരിയൻ കുന്നനുമെല്ലാം ചേർന്നു നടത്തിയ പോരാട്ടത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിന്റെ തണലിലാണ് രാജ്യത്തിന്റെ ഭരണചെങ്കോൽ തദ്ദേശീയരുടെ കൈവശത്തിൽ വന്നതും ബി ജെ പിക്കു കേന്ദ്ര ഭരണത്തിലെത്താനും രമേശ് ബിധൂരിക്ക് പാർലിമെന്റിലെത്തി സംസാരിക്കാനും സാധിച്ചത്. അതേസമയം സവർക്കർ, ഗോൾവാൾക്കർ തുടങ്ങി ഹിന്ദുത്വ ഫാസിസത്തിനു തുടക്കമിട്ടവരും ആർ എസ് എസിന്റെയും ബി ജെ പിയുടെയും മാതൃസംഘടനയായ ഹിന്ദുമഹാസഭാ നേതാക്കളും സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും ബ്രിട്ടീഷുകാരുടെ പക്ഷം ചേരുകയുമായിരുന്നു. മുസ്‌ലിംകൾക്കെതിര വംശീയാധിക്ഷേപവും വിദ്വേഷ പ്രസംഗവും നടത്തുന്ന ബി ജെ പി നേതൃത്വവും സംഘ്പരിവാർ വൃത്തങ്ങളും ഇക്കാര്യം വിസ്മരിക്കരുത്.
രമേശ് ബിധൂരിയെ ലോക്സഭാ സ്പീക്കർ ഓം ബിർള ശാസിക്കുകയും പാർലിമെന്റ് രേഖകളിൽ നിന്നു മേൽ പരാമർശങ്ങൾ നീക്കം ചെയ്യുകയും കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതിൽ നിന്നു തന്നെ അതീവ ഗൗരവമുള്ളതാണ് ചെയ്തിയെന്നു വ്യക്തം. ജനങ്ങൾ തിരഞ്ഞെടുത്ത എം പിമാരെ അവരുടെ സമുദായവുമായി ബന്ധിപ്പിച്ചു അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തത് പാർലിമെന്റിന് മാത്രമല്ല, രാജ്യത്തിനാകെയും മാനക്കേടാണ്. ഇത്തരമൊരു കുടുസ്സായ വർഗീയ മനസ്സിന്റെ ഉടമയെ പാർലിമെന്റിൽ തുടരാൻ അനുവദിക്കാവതല്ല. അത് സഭക്കു കളങ്കമാണ്. അയാളെ സഭയിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയോ, സ്വയം രാജിവെച്ചൊഴിയുകയോ വേണ്ടതാണ്. ബിധൂരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ചതിനാണ് കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിൽ കോൺഗ്രസ്സ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്തത്. അതിനേക്കാൾ ഗുരുതരമായ കൃത്യം ചെയ്ത രമേശ് ബിധൂരിക്കെതിരായ നടപടി ഒരു ശാസനയിൽ ഒതുക്കാവതാണോ? ബിധൂരിക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ എം പി സ്ഥാനം ഒഴിയാനാണ് ദാനിഷ് അലിയുടെ തീരുമാനം. ഇനിയും ഇത്തരം വർഗീയാധിക്ഷേപം കേട്ടു പാർലിമെന്റിൽ തുടരാനാകില്ലെന്ന് അദ്ദേഹം പറയുന്നു.
വിദ്വേഷപ്രസംഗങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അത് തടയാൻ കർശനസംവിധാനങ്ങൾ സ്വീകരിക്കണമെന്നും കഴിഞ്ഞ മാസം സുപ്രീംകോടതി നിർദേശം നൽകിയതാണ്. ഹരിയാനയിലെ വർഗീയ സംഘർഷങ്ങൾക്ക് പിന്നാലെ മുസ്‌ലിം സമുദായത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവും വിദ്വേഷ പ്രചരണവും ഉയർന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ ഉത്തരവ.് “സമുദായങ്ങൾക്കിടയിൽ മൈത്രിയും പരസ്പര ബഹുമാനവും വേണം. ഈ കാര്യം ഉറപ്പാക്കാൻ എല്ലാ സമുദായങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. വിദ്വേഷപ്രസംഗങ്ങൾ എല്ലാ രീതിയിലും മോശപ്പെട്ട കാര്യമാണ്. ഒരാൾക്കും അത് അംഗീകരിക്കാൻ പറ്റില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭട്ടി എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടുകയും ചെയ്തു. ആരും പരാതിപ്പെട്ടില്ലെങ്കിൽ തന്നെയും വർഗീയ പരാമർശം നടത്തുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് മറ്റൊരു കേസിൽ സുപ്രീം കോടതി ഉത്തരവിടുകയുമുണ്ടായി. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ ഇതാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമ നിർമാണ സഭകളിലെ അംഗങ്ങൾക്ക് ചില കാര്യങ്ങളിൽ നിയമപരിരക്ഷ നൽകിയിട്ടുണ്ടെങ്കിലും ക്രിമിനൽ കുറ്റകൃത്യങ്ങളിൽ അത് ബാധകമല്ലെന്നും ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ മറ്റു പൗരന്മാരെ പോലെ തന്നെയാണ് ജനപ്രനിധികളെന്നും 2021 ജൂലൈയിൽ കേരള നിയമസഭാ കൈയാങ്കളി കേസുമായി ബന്ധപ്പെട്ടു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.