National
രാമേശ്വരം കഫേ സ്‌ഫോടനം; പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം പ്രഖ്യാപിച്ച് എന്‍ ഐ എ
. പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രമടക്കം പുറത്തുവിട്ടാണ് പരാതിതോഷികം പ്രഖ്യാപിച്ചത്.
ബെംഗളൂരു | വൈറ്റ്ഫീല്‍ഡ് രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തിലെ പ്രതിയെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രമടക്കം പുറത്തുവിട്ടാണ് പരാതിതോഷികം പ്രഖ്യാപിച്ചത്. ഇയാളെക്കുറിച്ച് സൂചന നല്‍കുന്ന ആളിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍ഐഎ വ്യക്തമാക്കി.
പ്രതിയെന്ന് സംശയിക്കുന്നയാള്‍ കഫേയ്ക്ക് സമീപം ബസില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അക്രമിയുടെ മുഖം തൂവാല ഉപയോഗിച്ച് മറച്ച നിലയിലാണ്. മാര്‍ച്ച് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നും ഒരുമണിക്കും ഇടയിലാണ് ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ പത്തുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.സ്‌ഫോടനം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തൊപ്പിയും കണ്ണടയും ധരിച്ച ആള്‍ മുഖം മറച്ചനിലയിലായിരുന്നു.