Connect with us

National

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ സനാതന ധർമ്മത്തിന് വിരുദ്ധം; നാല് ശങ്കരാചാര്യന്മാരും ചടങ്ങിൽ പങ്കെടുക്കില്ല

ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കാതെ ശ്രീരാമന്റെ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ഹിന്ദുമതത്തിന്റെ ആദ്യ ലംഘനമെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിഷ്പീഠത്തിലെ ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

Published

|

Last Updated

ലക്നോ | അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യന്മാർ. ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് സനാതന ധർമ്മത്തിന്റെ നിയമങ്ങൾ ലംഘിച്ചാണെന്ന് വ്യക്തമാക്കിയാണ് ശങ്കരാചാര്യന്മാർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. നാല് ശങ്കരാചാര്യന്മാരും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിഷ്പീഠത്തിലെ ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. വേദങ്ങൾക്ക് വിരുദ്ധമായാണ് ചടങ്ങുകൾ നടക്കുന്നതെന്നും അതിനാൽ അതിൽ പങ്കെടുക്കാനാകില്ലെന്നും പുരി ഗോവർധനപീഠത്തിലെ ശങ്കരാചാര്യൻ സ്വാമി നിശ്ചലാനന്ദ സരസ്വതി രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.

നാല് ശങ്കരാചാര്യന്മാരിൽ ആരും ജനുവരി 22 ന് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അവിമുക്തേശ്വരാനന്ദ് ബുധനാഴ്ച ഹരിദ്വാറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞങ്ങൾക്ക് ആരോടും വിരോധമില്ല. എന്നാൽ ഹിന്ദു മതത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുകയും മറ്റുള്ളവരോട് അങ്ങനെ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യേണ്ടത് ശങ്കരാചാര്യരുടെ ഉത്തരവാദിത്തമാണ്. ക്ഷേത്രനിർമ്മാണത്തിലും ചടങ്ങിന്റെ സംഘാടനത്തിലും ഏർപ്പെട്ടിരിക്കുന്നവർ ഹിന്ദുമതത്തിലെ സ്ഥാപിത മാനദണ്ഡങ്ങൾ അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കാതെ ശ്രീരാമന്റെ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ഹിന്ദുമതത്തിന്റെ ആദ്യ ലംഘനമാണ്. ഇത്രയും തിരക്കിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1949 ഡിസംബർ 22-ന് അർദ്ധരാത്രി രാമന്റെ വിഗ്രഹം ബാബറി മസ്ജിദിൽ സ്ഥാപിക്കുകയും 1992-ൽ ബാബറി മസ്ജിദ് തകർക്കുകയും ചെയ്തപ്പോൾ ഒരു അടിയന്തര സാഹചര്യമുണ്ടായിരുന്നു. ചില സാഹചര്യങ്ങൾ കാരണം അത് അന്ന് അങ്ങനെ സംഭവിച്ചതാണ്. അതിനാൽ ശങ്കരാചാര്യന്മാരാരും അക്കാലത്ത് ചോദ്യങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയൊരു അടിയന്തര സാഹചര്യമില്ല. രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനും പ്രതിഷ്ഠ നടത്താനും മതിയായ സമയമുണ്ടായിരുന്നുവെന്നും അവിമുക്തേശ്വരാനന്ദ് പറഞ്ഞു.

ഞങ്ങൾക്ക് ഇപ്പോൾ നിശബ്ദത പാലിക്കാൻ കഴിയില്ല. അപൂർണ്ണമായ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്ത് അവിടെ ദൈവത്തിന്റെ വിഗ്രഹം സ്ഥാപിക്കുന്നത് മോശമായ ആശയമാണ്. ഒരുപക്ഷേ അവർ (പരിപാടി സംഘടിപ്പിക്കുന്നവർ) ഞങ്ങളെ മോദി വിരുദ്ധർ എന്ന് വിളിച്ചേക്കാം. ഞങ്ങൾ മോദി വിരുദ്ധരല്ലാ. എന്നാൽ അതേ സമയം ഞങ്ങളുടെ ധർമ്മ ശാസ്ത്രത്തിന് എതിരായി പോകാനും കഴിയില്ല – 2022 ൽ തന്റെ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ മരണശേഷം ശങ്കരാചാര്യനായി മാറിയ അവിമുക്തേശ്വരാനന്ദ് പറഞ്ഞു.

ജനുവരി 22ന് നിശ്ചയിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്ഷേത്രത്തിൽ ആദ്യ ആരതി നടത്തുകയും ചെയ്യും. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ ഒന്നാം നില തയ്യാറായിട്ടുണ്ടെന്നും എന്നാൽ ബാക്കിയുള്ളവ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രം അറിയിച്ചു. ജനുവരി 22ന് ശേഷം ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുകയും ചെയ്യും.

മതപരമായ ആചാരങ്ങൾ പാലിക്കാത്ത ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് തന്റെ അന്തസ്സിനു വിരുദ്ധമാകുമെന്നാണ് സ്വാമി നിശ്ചലാനന്ദ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അവർ തന്നിൽ നിന്ന് ഒരു നിർദ്ദേശവും സ്വീകരിക്കാത്തതിനാൽ തനിക്ക് അവരോട് ദേഷ്യമാണെന്ന് കരുതരുത്. എന്നിരുന്നാലും, സ്കന്ദപുരാണം അനുസരിച്ച് അത്തരം ആചാരങ്ങൾ ശരിയായി ചെയ്തില്ലെങ്കിൽ, ദുശ്ശകുനങ്ങൾ ഒരു വിഗ്രഹത്തിൽ പ്രവേശിക്കുകയും പ്രദേശത്തെ നശിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അവിമുക്തേശ്വരാനന്ദിന്റെ ശിഷ്യനായ സ്വാമി മുക്താനന്ദും പ്രതിഷ്ഠാ ചടങ്ങിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. ശങ്കരാചാര്യരുടെ നാല് ഇരിപ്പിടങ്ങൾ കഴിഞ്ഞ 2,500 വർഷങ്ങളായി ഏറ്റവും യോഗ്യതയുള്ള മതകേന്ദ്രങ്ങളാണെന്നും സനാതന ധർമ്മം ലംഘിക്കുന്നവരെ എതിർക്കാനുള്ള ഉത്തരവാദിത്തം അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശൃംഗേരി ശാരദാ പീഠത്തിലെ സ്വാമി ഭാരതികൃഷ്ണ തീർത്ഥ, ദ്വാരകാപീഠത്തിലെ സ്വാമി സദാനന്ദ സരസ്വതി എന്നിവരാണ് മറ്റ് രണ്ട് ശങ്കരാചാര്യന്മാർ. ഇവർ നേരിട്ട് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അദ്വൈത വേദാന്ത പാരമ്പര്യം ഉൾക്കൊള്ളുന്ന മഠങ്ങളിലെ മേധാവികളെ ബഹുമാനത്തോടെ വിളിക്കുന്ന പേരാണ് ശങ്കരാചാര്യർ. ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി നാല് മഠങ്ങളാണ് സ്ഥിതി ചെയ്യുന്നത്.