Connect with us

Ramla beegam

റംലാ ബീഗം: മലയാളികളുടെ പാട്ടോർമ

ബദ്‌റ്, ഉഹ്ദ്, കർബല ചരിത്രങ്ങൾ ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിച്ച് അവർ ശ്രദ്ധനേടി.

Published

|

Last Updated

കോഴിക്കോട്| “ഇരുലോകം ജയമണി നബിയുല്ല…’ മലയാളികളുടെ മനസ്സിൽ ഇന്നും തങ്ങിനിൽക്കുന്ന പാട്ടോർമയാണ് റംലാ ബീഗത്തിന്റെ ഓരോ വരികളും. 55 വർഷത്തോളം പാടിയും പറഞ്ഞും വേദികളിൽ സജീവമായിരുന്ന റംലാബീഗം ഒരുപാട് ഗാനങ്ങൾ ബാക്കിയാക്കിയാണ് കടന്നുപോകുന്നത്. അവരുടെ അവതരണ ശൈലിയിലെ മാധുര്യം വേദികളിൽ അവർക്ക് ഏറ്റവും കൂടുതൽ ആസ്വാദകരെ സൃഷ്ടിച്ചു. കഥാപ്രസംഗത്തിന്റെ തട്ടകമായ ആലപ്പുഴയിൽ നിന്നാണ് റംലാ ബീഗം കലാലോകത്തേക്ക് പിച്ചവെച്ചത്. ബദ്‌റ്, ഉഹ്ദ്, കർബല ചരിത്രങ്ങൾ ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിച്ച് അവർ ശ്രദ്ധനേടി. ആഇശ ബീഗം, എം എ അസീസ് എന്നിവരുടെ ചുവട് പിടിച്ചാണ് അവർ കഥാപ്രസംഗ ലോകത്തേക്ക് കയറി വന്നത്.

പിന്നീട് മലബാറിലേക്കും ഗൾഫ് നാടുകളിലേക്കും വളർന്നു. മലബാറിൽ ആയിരക്കണക്കിന് വേദികളിലാണ് കഥാപ്രസംഗവും പാട്ടും അവതരിപ്പിച്ചത്. ഒരു കാലത്ത് അവരുടെ ഗാനങ്ങൾ ഹിറ്റായതോടെ റംലാ ബീഗത്തിന്റെ പാട്ടുകൾ മാത്രം പാടുന്ന ഗായകർ വരെയുണ്ടായി. വാക്കുകളിലെ അക്ഷര ശുദ്ധിയും പാട്ടിലെ താളഭംഗിയും അവരെ മറ്റ് പാട്ടുകാരിൽ നിന്ന് വ്യത്യസ്തയാക്കി. ഉമ്മയുടെ നാട് കോഴിക്കോട് ഫറോക്ക് പേട്ടയായതിനാൽ മലബാറുമായി അവർക്ക് കുടുംബബന്ധവുമുണ്ടായിരുന്നു.

മലബാറിൽ ആദ്യം പരിപാടിക്ക് വരുന്നത് കോഴിക്കോട് പരപ്പിൽ സ്‌കൂളിലേക്കാണ്. അന്ന് ബാബുരാജിനെ പരിചയപ്പെട്ടു. ബാബുരാജിന്റെ മെഹ്ഫിൽ കൂട്ടായ്മകളിലും പാടി. പിന്നീട് വി എം കുട്ടിയുടെ ട്രൂപ്പിലും സ്ഥിരമായി. അങ്ങനെ ആലപ്പുഴക്കാരി മലബാറിന്റെ ഹൃദയങ്ങളിൽ ചേക്കേറി. 1971ൽ ഭർത്താവുമൊന്നിച്ച് സിംഗപ്പൂരിൽ കഥാപ്രസംഗം അവതരിപ്പിച്ചതാണ് വിദേശത്തെ ആദ്യ വേദി. 2018 വരെ പരിപാടികളിൽ സജീവമായിരുന്നു.

1986 ഡിസംബർ ആറിനാണ് തബലിസ്റ്റായിരുന്ന ഭർത്താവ് അബ്ദുസ്സലാമിന്റെ വിയോഗം. അദ്ദേഹത്തിന്റെ വിയോഗശേഷം രണ്ട് വർഷം കലാലോകത്ത് നിന്നും വിട്ടുനിന്നു. പിന്നീട് തിരിച്ചെത്തിയ റംല ബീഗം കെ ജെ യേശുദാസ്, വി എം കുട്ടി, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, അസീസ് തായിനേരി, വടകര കൃഷ്ണദാസ്, എം കുഞ്ഞിമൂസ എന്നിവരുടെ ട്രുപ്പുകളിൽ പാടി. പുതിയ തലമുറയിലെ കണ്ണൂർ ശരീഫ്, കൊല്ലം ശാഫി, താജുദ്ദീൻ വടകര, കുന്ദമംഗലം സി കെ ആലിക്കുട്ടി എന്നിവരുടെ ട്രൂപ്പുകളിലും റംലാ ബീഗം ഉണ്ടായിരുന്നു. 2005 മുതൽ കോഴിക്കോട്ട് മകളുടെ കൂടെ താമസമാക്കി.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്