Connect with us

National

റാഞ്ചല്‍ ഭീഷണി; ഝാര്‍ഖണ്ഡ് ഭരണകക്ഷി എം എല്‍ എമാരെ ഛത്തിസ്ഗഢിലെ റിസോര്‍ട്ടിലെത്തിച്ചു

കോണ്‍ഗ്രസ് ഭരിക്കുന്ന അയല്‍ സംസ്ഥാനമായ ചത്തിസ്ഗഢിലെ റായ്പുരിലുള്ള മേയ് ഫ്‌ളവര്‍ റിസോര്‍ട്ടിലേക്കാണ് എം എല്‍ എമാരെ മാറ്റിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പി റാഞ്ചിയേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഝാര്‍ഖണ്ഡിലെ ഭരണകക്ഷി എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. കോണ്‍ഗ്രസ് ഭരിക്കുന്ന അയല്‍ സംസ്ഥാനമായ ചത്തിസ്ഗഢിലെ റായ്പുരിലുള്ള മേയ് ഫ്‌ളവര്‍ റിസോര്‍ട്ടിലേക്കാണ് എം എല്‍ എമാരെ മാറ്റിയത്. എം എല്‍ എമാരുമായി മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ഛത്തിസ്ഗഡില്‍ എത്തുകയായിരുന്നു. സോറന്‍ അയോഗ്യതാ ഭീഷണി നേരിടുന്നതിനിടെയാണ് ഈ നീക്കം.

ഇന്ന് ഉച്ചയോടെയാണ് എം എല്‍ എമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തില്‍ എത്തുകയും മുഖ്യമന്ത്രിയോടൊപ്പം ഛത്തിസ്ഗഢിലേക്ക് പറക്കുകയും ചെയ്തത്. റായ്പുരിലുള്ള മേയ് ഫളവര്‍ റിസോര്‍ട്ടില്‍ എം എല്‍ എമാര്‍ എത്തിച്ചേര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു.

ഖനന പാട്ടം പദവി ദുരുപയോഗം ചെയ്ത് തനിക്കുതന്നെ അനുവദിച്ചെന്ന ആരോപണത്തിലാണ് സോറന്‍ അയോഗ്യതാ ഭീഷണിയിലായത്. വിഷയത്തില്‍ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ ഒമ്പത് എ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അയോഗ്യനാക്കാനുള്ള ശിപാര്‍ശ കമ്മീഷന്‍ പുറപ്പെടുവിച്ചത്. ബി ജെ പി ദേശീയ ഉപാധ്യക്ഷനും ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസാണ് സോറനെതിരെ ഈ ആരോപണവുമായി രംഗത്തെത്തിയത്.

 

Latest