Connect with us

First Gear

ആയിരം കിലോമീറ്റര്‍ അധികം റേഞ്ച്; പുതിയ ഇവി കണ്‍സെപ്റ്റുമായി മെഴ്സിഡസ് ബെന്‍സ്

മെഴ്സിഡസ് ബെന്‍സ് വിഷന്‍ ഇക്യുഎക്‌സ് എക്‌സ് എന്നാണ് മോഡലിന്റെ പേര്.

Published

|

Last Updated

ന്യൂഡല്‍ഹി| ആയിരം കിലോമീറ്ററില്‍ അധികം റേഞ്ചുള്ള പുതിയ ഇവി കണ്‍സെപ്റ്റിനെ അവതരിപ്പിക്കാന്‍ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മെഴ്സിഡസ് ബെന്‍സ് വിഷന്‍ ഇക്യുഎക്‌സ്എക്‌സ് എന്ന ഈ മോഡലിന്റെ കണ്‍സെപ്റ്റ് ഔദ്യോഗിക അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതായാണ് വാര്‍ത്തകള്‍. ഇന്ന് വൈകിട്ട് ആറ് മണിക്ക് ഒരു ഡിജിറ്റല്‍ പ്രീമിയര്‍ വഴി ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ(സിഇഎസ്) 2022-ല്‍ ജര്‍മ്മന്‍ ഓട്ടോ ഭീമന്‍ ഈ കണ്‍സെപ്റ്റ് ഇലക്ട്രിക് കാര്‍ അനാവരണം ചെയ്യും.

ഒറ്റ ചാര്‍ജ്ജില്‍ 1,000 കിലോമീറ്ററിലധികം ഓടാന്‍ കഴിയുമെന്ന അവകാശവാദത്തോടെയാണ് മെഴ്സിഡസ് ഇക്യുഎക്‌സ് എക്‌സ് എത്തുന്നത്. വിപണിയില്‍ എത്തിയാല്‍ ഒരു ഇലക്ട്രിക്ക് മോഡല്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച ശ്രേണി ആയിരിക്കും ഇത്. വാഹനത്തിന്റെ പ്രോട്ടോടൈപ്പ് ആയിരിക്കും ഇന്ന് മെഴ്സിഡസ് ബെന്‍സ് അവതരിപ്പിക്കുക.

ജര്‍മ്മന്‍ ഓട്ടോ ഭീമന്‍ പുറത്തുവിട്ട ടീസര്‍ ചിത്രങ്ങള്‍ അനുസരിച്ച് ഇക്യുഎക്‌സ്എക്‌സ് കണ്‍സെപ്റ്റ് ഇലക്ട്രിക് കാര്‍ വൃത്തിയുള്ള ആകൃതികളുള്ളതും എയറോഡൈനാമിക്സ് അടിസ്ഥാനപരമായ പങ്ക് വഹിക്കുന്നതുമായ ഒരു രൂപകല്‍പ്പനയോടെയാണ് വരുന്നത് എന്നാണ്. വിഷന്‍ ഇക്യുഎക്‌സ്എക്‌സ്‌നെ കുറിച്ച് മെഴ്‌സിഡസ് ബെന്‍സ് നല്‍കിയിട്ടുള്ള വിവരം അതിന്റെ റേഞ്ച് മാത്രം ആണ്. നിലവില്‍ ഒറ്റ ചാര്‍ജജ്ജില്‍ 770 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിവുള്ള ഇക്യുഎസ് ആണ് ഏറ്റവും ശേഷിയുള്ള ഇലക്ട്രിക് മെഴ്സിഡസ് ബെന്‍സ്. ഇക്യുഎക്‌സ്എക്‌സ് ഒരു പടി കൂടി മുന്നോട്ട് പോകും. മെഴ്സിഡീസ് അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക് മോഡലായ ഇക്യുസിയില്‍ നല്‍കിയിട്ടുള്ള ബാറ്ററിയെക്കാള്‍ ഉയര്‍ന്ന ശേഷിയുള്ള ബാറ്ററിയായിരിക്കും പുതിയ മോഡലില്‍ നല്‍കുക. ഇത് 20 ശതമാനം അധിക ഊര്‍ജം നല്‍കുമെന്നാണ് വിലയിരുത്തല്‍.

മെഴ്സിഡീസിന്റെ വാഹന വിദഗ്ധരുടെ വലിയ നിരയാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ പണിപ്പുരയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഴ്സിഡീസ് ബെന്‍സിന്റെ ഫോര്‍മുല വണ്‍ ഹൈ പെര്‍ഫോമെന്‍സ് വാഹനങ്ങളുടെ എന്‍ജിനും മറ്റും വികസിപ്പിക്കുന്നവരാണ് ഈ സംഘത്തില്‍. 2030ഓടെ സമ്പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറാനൊരുങ്ങുകയാണ് മെഴ്‌സിഡസ് ബെന്‍സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 മുതല്‍ എല്ലാ മോഡലുകളിലും ബാറ്ററി-ഇലക്ട്രിക് വാഹന ഓപ്ഷനുകളും ബെന്‍സ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഭാവിയില്‍ ഇലക്ട്രിക് കാറുകള്‍ക്കായി മൂന്ന് ഇവി ഡിസൈന്‍ തീമുകളും കമ്പനി വികസിപ്പിക്കും. ഇതോടൊപ്പം ഇവി ബാറ്ററികള്‍ നിര്‍മിക്കാന്‍ എട്ട് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും നീക്കമുണ്ട്. സ്വന്തമായി ബാറ്ററികള്‍ വികസിപ്പിക്കുന്നതിന് എട്ട് ജിഗാഫാക്ടറികള്‍ സ്ഥാപിക്കാനും മെഴ്സിഡസ് പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജിഗാഫാക്ടറികളില്‍ ഒരെണ്ണം അമേരിക്കയിലും നാല് ഫാക്ടറികള്‍ യൂറോപ്പില്‍ മറ്റ് പങ്കാളികളുമായി ചേര്‍ന്നും സ്ഥാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ദശകത്തിന്റെ അവസാനത്തോടെ പൂര്‍ണമായും ഇലക്ട്രിക്ക് ആകുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഈ വര്‍ഷം അവസാനത്തോടെ മെഴ്സിഡസ് നാല് പൂര്‍ണ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും. അടുത്ത വര്‍ഷത്തോടെ, മെഴ്സിഡസ് ഇക്യുഇ, ഇക്യുഎസ് എന്നിവയുടെ എസ്യുവി പതിപ്പുകളും അവതരിപ്പിക്കും. 2024 ഓടെ ആദ്യത്തെ ഫുള്‍-ഇലക്ട്രിക് ജി ക്ലാസ് പുറത്തിറക്കും.

 

Latest