srilankan crisis
റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു
15 അംഗ മന്ത്രിസഭ നാളെ നിലവില്‍വരും: ആറാം തവണയാണ് റനില്‍ വിക്രമസിംഗെ ലങ്കന്‍ പ്രധാനമന്ത്രിയാകുന്നത്
കൊളംബോ | കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സംഘര്‍ഷവും നേരിടുന്ന ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേറ്റു. പ്രസിഡന്റിന്റെ വസതിയിലായിരുന്നു സത്യപ്രതിജ്ഞ. ഇത് ആറാം തവണയാണ് റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാകുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ 15 അംഗ മന്ത്രിസഭ നാളെ അധികാരമേല്‍ക്കും.
സംഘര്‍ഷങ്ങള്‍ക്കിടെ ഒരു സമവായം എന്ന നിലയിലാണ് യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി തലവനായ വിക്രമസിംഗെ വീണ്ടും സ്ഥാനത്തേക്ക് വരുന്നതെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ തീരുമാനിക്കുകയായിരുന്നു. കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഗൊട്ടബയയുടെ സഹോദരന്‍ കൂടിയായ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു. എന്നാല്‍, ഇതിനു പിന്നാലെ പ്രസിഡന്റിന്റെ രാജിക്കും മുറവിളിയുയരുകയായിരുന്നു. റനില്‍ വിക്രമസിംഗെ ഇന്ന് വൈകീട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് യു എന്‍ പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.