Alappuzha
രഞ്ജിത്ത്, സഞ്ജിത്ത് വധം: കൂടുതൽ എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ
രണ്ട് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്.

ആലപ്പുഴ/ പാലക്കാട് | ബി ജെ പി ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസിന്റെയും പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെയും കൊലപാതകങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി നാല് എസ് ഡി പി ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിത്ത് കൊലപാതകത്തില്‍ മൂന്ന് പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിലായിട്ടാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.
ഒരാളെ ബെംഗളൂരുവില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് 12 പേരാണ് പങ്കെടുത്തത് എന്നാണ് നിഗമനം. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകൾക്കകമാണ് രഞ്ജിത്തിനെ ഒരു സംഘം വീട്ടിൽ കയറി കൊന്നത്. ഷാൻ വധക്കേസില്‍ ആര്‍ എസ് എസ് ആലുവ ജില്ലാ പ്രചാരകിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പാലക്കാട് മമ്പറത്ത് ആര്‍ എസ് എസ് പ്രാദേശിക നേതാവ് സഞ്ജിത്ത് വധത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ എസ് ഡി പി ഐ പ്രവര്‍ത്തകനാണെന്നും ചെര്‍പ്പുളശ്ശേരിയില്‍ നിന്നാണ് പിടികൂടിയതെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. സഞ്ജിത്ത് വധക്കേസില്‍ നേരത്തെ അഞ്ചുപേരെ പോലീസ് പിടികൂടിയിരുന്നു.