Kerala
രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; മാനസിക നില പരിശോധിക്കാനായി പ്രതികളെ ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ചു
പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് മാനസിക നില പരിശോധന നടത്തുന്നത്
ആലപ്പുഴ | ബിജെപി നേതാവ് അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പ്രസ്താവിക്കാനിരിക്കെ പ്രതികളുടെ മാനസിക നില പരിശോധിക്കാന്‍ പോലീസ്. ഇതിനായി പ്രതികളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. വന്‍ സുരക്ഷയോടെയാണ് പ്രതികളെ ഇവിടെ എത്തിച്ചിരിക്കുന്നത്.
പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് മാനസിക നില പരിശോധന നടത്തുന്നത്.അതേ സമയം, കേസ് അത്യപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമല്ലെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. രഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും ഷാനെ കൊന്നതിന്റെ സ്വഭാവിക പ്രതികരണം മാത്രമാണെന്നും അതുകൊണ്ട് ക്രിമിനല്‍ ഗൂഢാലോചന നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ സാധാരണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പ്രതികളുടെ പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികളെ ഓണ്‍ലൈനായിട്ടാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്.
ഈ വരുന്ന 25ന് വീണ്ടും വാദം തുടരും. അന്ന് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേള്‍ക്കും. ഇതിന് ശേഷമാകും ശിക്ഷവിധിയുടെ തീയതി തീരുമാനിക്കുക. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റ വാദം. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക.