Kerala
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി, മൂന്നുപേര്‍ കസ്റ്റഡിയില്‍
ആറ് പേരെ പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആലപ്പുഴ| ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് വധഭീഷണി ലഭിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആറ് പേരെ പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബീവി കെ യു, അസ്ലം വളവുപച്ച, നസീര്‍മോന്‍ ഖലീല്‍, ആസാദ് അമീര്‍, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സാമൂഹിക മാധ്യമത്തിലൂടെയാണ് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമൂഹിക മാധ്യമത്തിലൂടെ ജഡ്ജിക്കുനേരെ അധിക്ഷേപവും ഭീഷണിയും ലഭിച്ചത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിയുടെ സുരക്ഷയ്ക്കായി സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ആറു പൊലീസുകാരെ ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ കാവലിന് നിയോഗിച്ചു.
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍വച്ച് രഞ്ജിത് ശ്രീനിവാസനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു.
ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊല്ലപ്പെടുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴു കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവത്തിന് തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.