Kerala
റാന്നി കൊലക്കേസ്; മൂന്ന് പ്രതികളും എറണാകുളത്ത് നിന്നും പിടിയില്‍
എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവര്‍ പിടിയിലായത്.
പത്തനംതിട്ട| പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ച്‌കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവര്‍ പിടിയിലായത്. റാന്നി മന്ദമരുതിയില്‍ ഇന്നലെ രാത്രി 10.30യ്ക്ക് ശേഷമാണ് കൊലപാതകം നടന്നത്. ചെതോങ്കര സ്വദേശി അമ്പാടി (24) ആണ് മരിച്ചത്. കീക്കൊഴൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ് അമ്പാടി.
മദ്യവില്‍പ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടിയെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവാവിനെ കൊലപ്പെടുത്തിയശേഷം ഇവര്‍ കാര്‍ വെച്ചൂച്ചിറ റൂട്ടില്‍ ഉപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു. പ്രതികള്‍ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ഇപ്പോള്‍ പ്രതികള്‍ പിടിയിലായിരിക്കുന്നത്.
റാന്നിയില്‍ നടന്നത് ഗ്യാങ് വാറാണെന്ന് പോലീസ് പറഞ്ഞു. റാന്നി ബിവറേജസിനു മുന്നില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് മടങ്ങിപ്പോയവര്‍ ഇരു കാറുകളിലായി മന്ദമരുതിയില്‍ എത്തുകയായിരുന്നു. ഒരു കാറില്‍ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോള്‍ എതിര്‍ ഗ്യാങ് കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. പരുക്കേറ്റ അമ്പാടിയെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിക്കപ്പ് വാഹനത്തില്‍ കൈതച്ചക്ക കച്ചവടം നടത്തുന്നയാളാണ് അമ്പാടി.
ആദ്യം ഇതൊരു സാധാരണ അപകടമരണമായിട്ടാണ് കരുതിയിരുന്നത്. എന്നാല്‍, അമ്പാടിക്ക് ഒപ്പമുണ്ടായിരുന്നവര്‍ നേരത്തേ നടന്ന വാക്കേറ്റത്തിന്റെ കഥ പറഞ്ഞതോടെയാണ് ആ വഴിക്ക് അന്വേഷണം നീങ്ങിയത്. തുടര്‍ന്നാണ് ഇതൊരു കൊലപാതകമാണെന്ന് മനസിലായത്. അമ്പാടിയുടെ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.