Connect with us

National

ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കും; ഒരാഴ്ചയ്ക്കുള്ളില്‍ നിയമസഭ ചേര്‍ന്ന് ബില്‍ പാസാക്കും: മമത ബാനർജി

ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു.

Published

|

Last Updated

കൊല്‍ക്കത്ത | ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസ്സാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ റാലിയിലായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനം.

അടുത്ത ആഴ്ച നിയമസഭാ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളില്‍ ബില്‍ പാസാക്കുമെന്ന് മമത പറഞ്ഞു. പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു.

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 31 നും സെപ്റ്റംബര്‍ ഒന്നിനും പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മമത ആവശ്യപ്പെട്ടു.

അതേസമയം വനിതാ ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്ന ബിജെപിയുടെ ആവശ്യം മമത തള്ളി. സ്ത്രീകള്‍ക്കെതിരെ നിരവധി അതിക്രമങ്ങള്‍ ഉണ്ടായിട്ടും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവെച്ചിരുന്നോയെന്ന് മമത ചോദിച്ചു. ഡോക്ടറുടെ കൊലപാതകത്തില്‍ അഞ്ചു ദിവസമാണ് താന്‍ ചോദിച്ചിരുന്നത്. എന്നാല്‍ കേസ് സിബിഐക്ക് നല്‍കി. സിബിഐ കേസ് ഏറ്റെടുത്തിട്ട് 16 ദിവസമായി. എന്നിട്ട് നീതി എവിടെ ലഭിച്ചോയെന്നും മമത ബാനര്‍ജി ചോദിച്ചു.

ഇന്നലെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  വിദ്യാര്‍ഥികള്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന്  ബന്ദ്  നടത്തുകയാണ്. ബന്ദ് നടത്താന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജനജീവിതം സാധാരണ നിലയില്‍ തന്നെ തുടരുമെന്നും കടകള്‍ തുറക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു .

വിവിധ മേഖലകളില്‍ ബിജെപി പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. പുലര്‍ച്ചെ മുതല്‍ റോഡുകളും റെയില്‍വേ ട്രാക്കുകളും പ്രതിഷേധക്കാര്‍ തടഞ്ഞു. ബിജെപിയുടെ ബംഗ്ലാ ബന്ദിനെയും മമത വിമര്‍ശിച്ചു. ബിജെപിക്ക് വേണ്ടത് മൃതശരീരങ്ങളാണ്. അതിനു വേണ്ടിയാണ് ബന്ദിന് ആഹ്വാനം നല്‍കിയതെന്നും മമത പറഞ്ഞു.

 

Latest