Connect with us

kolkatha murder

കൊല്‍ക്കത്തയിലെ ബലാത്സംഗ കൊല; കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തില്‍

പി ഡി ഡോക്ടര്‍മാര്‍ ഒ പി യും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊല്‍ക്കത്തയില്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തില്‍. കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ (കെ എം പി ജി എ) പ്രഖ്യാപിച്ച സമരം തുടങ്ങി. പി ഡി ഡോക്ടര്‍മാര്‍ ഒ പി യും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ചു.

അത്യാഹിത വിഭാഗങ്ങളില്‍ സേവനമുണ്ട്. രാജ്യവ്യാപകമായി ഐ എം എ പ്രഖ്യാപിച്ച പണിമുടക്കും ഇന്ന് നടക്കുകയാണ്. ഇന്ന് രാവിലെ ആറിനു തുടങ്ങിയ സമരം ശനിയാഴ്ച രാവിലെ ആറ് വരെ 24 മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (എ ഐ എഫ് ജി ഡി എ) ദേശീയ തലത്തില്‍ കരിദിനം ആചരിക്കുകയാണ്. കെ ജി എം ഒ എയും പ്രതിഷേധ ദിനത്തില്‍ പങ്കു ചേരുന്നുണ്ട്.

പണിമുടക്കിയ ഡോക്ടര്‍മാര്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കൊല്‍ക്കൊത്തയില്‍ രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി ജി ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നയായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം.

ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനു പിന്നാലെ പ്രതിയായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.

 

Latest