National
വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലപാതകം; ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് എയിംസ് അധികൃതര്‍
ചര്‍ച്ചക്ക് ശേഷം തീരുമാനമെന്ന് ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി | കൊല്‍ക്കത്തിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗക്കൊലക്ക് ഇരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ നിര്‍ദേശം. ഡല്‍ഹി എയിംസ് അധികൃതരാണ് ഡോക്ടര്‍മാരോട് അടിയന്തരമായി ഡ്യൂട്ടിയില്‍ തിരികെ കയറണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്നും താക്കീത് നല്‍കിയത്. അതേ സമയം ചര്‍ച്ചക്ക് ശേഷം തീരുമാനമെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. രാജ്യ തലസ്ഥാനത്തെ മറ്റ് ആശുപത്രികളില്‍ റസിഡന്റ് ഡോക്ടഡര്‍ സമരം തുടരുകയാണ്.ഇരക്ക് നീതിവേണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്ന ആവശ്യമാണ് സമരം നടത്തുന്ന ഡോക്ടര്‍മാര്‍ മുന്നോട്ട് വെക്കുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ പിന്നോട്ടില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി. നേരത്തെ ജോലിയില്‍ തിരിച്ചു കയറണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി എയിംസ് ഡയറക്ടറുടെ കത്ത് പുറത്ത് വന്നിരുന്നു.എന്നാല്‍ കത്തല്ല കര്‍ശന താക്കീതാണ് ഡയറക്ടര്‍ നല്‍കിയതെന്നാണ് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചാല്‍ രാജ്യതലസ്ഥാനത്തെ മറ്റ് ആശുപത്രികളിലെ സമരവും താനെ കെട്ടടങ്ങുമെന്നാണ് കേന്ദ്രം കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്