Kerala
ബലാത്സംഗക്കേസ്; നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഹരജിയില്‍ പറയുന്നു.
കൊച്ചി | ബലാത്സംഗക്കേസില്‍ മുന്‍ ജാമ്യാപേക്ഷയുമായി നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും പരാതിക്കാരിയായ നടി നേരത്തെയും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. അന്നൊന്നും ബലാത്സംഗ ആരോപണം ഉണ്ടായിരുന്നില്ലെന്ന് സിദ്ദിഖ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.തിയേറ്റര്‍ പ്രിവ്യൂവിനിടെ താന്‍ മോശമായി പെരുമാറി എന്നാണ് നേരത്തെ ആരോപിച്ചിരുന്നത്. എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായതിനാല്‍ ഇപ്പോള്‍ ഹോട്ടല്‍ റൂമില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഹരജിയില്‍ പറയുന്നു.
തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് യുവനടി പരാതി നല്‍കിയിട്ടുള്ളത്. സിദ്ദിഖിന്റെ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും.