Connect with us

Kerala

ബലാത്സംഗ കേസ്; നടന്‍ സിദ്ദീഖിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും: എസ്ഐടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

എഎംഎംഎ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന താരം രാജ്യം വിടാതിരിക്കാനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

Published

|

Last Updated

കൊച്ചി | യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് രാവിലെ തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് അന്വേഷണസംഘം അറസ്റ്റിന് നീങ്ങുന്നത്. സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

എഎംഎംഎ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന താരം രാജ്യം വിടാതിരിക്കാനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കാന്‍ നടന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ അറസ്റ്റ് അഭ്യൂഹങ്ങള്‍ ശക്തമായതോടെ സിദ്ദീഖ് വീട്ടില്‍ നിന്ന് മാറിയതായാണ് വിവരം.നിലവില്‍ സിദ്ദീഖിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
സിദ്ദീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സിദ്ദീഖ് ഹരജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദീഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് സിദ്ദീഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Latest