Kerala
ബലാത്സംഗക്കേസ്; മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങിയാല്‍ ജാമ്യാപേക്ഷയില്‍ വൈകാതെ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
കൊച്ചി| നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. നിലവിലെ സാഹചര്യത്തില്‍ മുന്‍ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാല്‍പിജി മനുവിന്റെ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അതിജീവിതയുടെ ആരോഗ്യ നില സംബന്ധിച്ച് ഡോക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും അഭിഭാഷകനെന്ന പരിഗണന നല്‍കാനാകില്ലെന്നും കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് അഭിഭാഷകന്‍ പിജി മനുവിനെതിരായ കേസ്. കേസില്‍ പ്രതി ചേര്‍ത്തതിനു പിന്നാലെ ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവിയില്‍ നിന്ന് മനുവിനെ പുറത്താക്കിയിരുന്നു.
അതേസമയം പിജി മനുവിനെതിരായ ബലാത്സംഗ കേസില്‍ പോലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്തയച്ചു. ചോറ്റാനിക്കര പോലീസ് മനുവിനെ സഹായിക്കുകയാണെന്നും മരണ ഭയത്തോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അറസ്റ്റ് വൈകിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് കുടുംബം.