Connect with us

National

ബലാത്സംഗ കേസ്; ഗുര്‍മീത് റാം റഹീമിന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നത് വിലക്കി ഹൈക്കോടതി

ഗുര്‍മീതിന് കോടതിയുടെ അനുമതിയില്ലാതെ ഇനി പരോള്‍ നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി|ബലാത്സംഗക്കേസില്‍ പ്രതിയായ ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെ വിലക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഗുര്‍മീത് റാം റഹീമിന് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചതില്‍ ഹൈക്കോടതി ആശങ്ക ഉന്നയിച്ചു. ഗുര്‍മീതിന് കോടതിയുടെ അനുമതിയില്ലാതെ ഇനി പരോള്‍ നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ തടവു ശിക്ഷയാണ് ഗുര്‍മീത് അനുഭവിക്കുന്നത്. നിലവിലെ 50 ദിവസത്തെ പരോള്‍ അവസാനിക്കാനിരിക്കുകയാണ്. മാര്‍ച്ച് 10ന് ഗുര്‍മീത് കീഴടങ്ങുമെന്ന് ഉറപ്പാക്കാന്‍ ഹരിയാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. നവംബറില്‍ 23 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. ഇതു കൂടാതെയാണ് 50 ദിവസത്തെ പരോള്‍ ലഭിച്ചത്.

തുടര്‍ച്ചയായി കിട്ടുന്ന പരോളിനെ ചോദ്യം ചെയ്ത് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.  ഗുര്‍മീത്, പ്രതിഭാഗം പറഞ്ഞ തീയതിയില്‍ കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി ആവശ്യമായ കസ്റ്റഡി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. ഒപ്പം മുമ്പ് ഇത്തരം ക്രിമിനലുകളില്‍ എത്ര പേര്‍ക്ക് ഇതുവരെ പരോള്‍ അനുവദിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും സര്‍ക്കരിനോട് കോടതി നിര്‍ദ്ദേശിച്ചു.

2017 മുതല്‍ ഗുര്‍മീത് റാം റഹീം റോഹ്താങ്കിലെ സുനാരിയ ജയിലില്‍ തടവിലാണ്. മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും രണ്ട് യുവതികളെ പീഡിപ്പിച്ചകേസിലുമാണ് റാം റഹീമിനെ ശിക്ഷിക്കുന്നത്. രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ഇരുപത് വര്‍ഷത്തെ തടവാണ് വിധിച്ചത്. റാം റഹീമിന് ഇതുവരെ 9 തവണ പരോളും ഫര്‍ലോയും കിട്ടിയിട്ടുണ്ട്. 2020 ഒക്ടോബര്‍ 24-നാണ് ആദ്യമായി ഒരു ദിവസത്തെ പരോള്‍ ലഭിച്ചത്. രോഗിയായ മാതാവിനെ കാണാനായിരുന്നു പരോള്‍.

 

 

 

Latest