Kerala
ബലാത്സംഗ കേസ്; നടിക്ക് എതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി മുകേഷ്
പോലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുണ്ട്.
കൊച്ചി | ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി മുകേഷ് കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. പരാതി ഉന്നയിച്ച നടിക്കെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളാണ് അഭിഭാഷകന് കൈാറിയത്.അഭിഭാഷകന്‍ ജിയോ പോളിനെയാണ് മുകേഷ് കണ്ടത്. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യത്തിനായി മുകേഷിന് വേണ്ടി ഹാജരായതും ജിയോ പോളാണ്.
എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത് അതീവ രഹസ്യമായാണ് മുകേഷ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്. മുകേഷിന് പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. ലൈംഗിക പീഡനം നടന്നിട്ടില്ല ആരോപണം മാത്രമാണ് നിലനില്‍ക്കുന്നത്. അന്വേഷണം സത്യസന്ധമായി നടക്കട്ടെ മുകേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് അഡ്വ ജിയോ പോള്‍ പറഞ്ഞു. മുകേഷ് കൈമാറിയ രേഖകള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ആരോപണം ഉന്നയിച്ചിരിക്കുന്ന നടി പണം ആവശ്യപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തി വാട്സ് ആപ്പില്‍ മെസേജ് അയച്ചുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മുകേഷ് നേരത്തെ അവകാശപ്പെട്ടിരുന്നു.
അതേസമയം മുകേഷ് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിനി കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്‍കി. പോലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുണ്ട്.