Kerala
ബലാത്സംഗക്കേസ്; അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദീഖ് ഇന്ന് ഹാജരായേക്കും
തിരുവനന്തപുരത്താണ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

കൊച്ചി| ബലാത്സംഗകേസില്‍ നടന്‍ സിദ്ദീഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും. സുപ്രീംകോടതി ഇന്നലെ നടന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം എസ്‌ഐടിക്ക് മുന്‍പാകെയാകും ഹാജരാവുകയെന്നാണ് വിവരം. അതേസമയം അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും ഹാജരാവുക എന്നാണ് വിവരം. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്.
ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നല്‍കി വിട്ടയക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൂടാതെ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും സുപ്രിംകോടതിയുടെ ഉത്തരവുണ്ട്.