Kerala
ബലാത്സംഗം; പതിനാറുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി
26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനാണ് കോടതി അനുമതി. പെണ്‍കുട്ടിയുടെ മാനസികാവസ്ഥ സംബന്ധിച്ച വിദഗ്ധ റിപോര്‍ട്ട് പരിഗണിച്ചാണ് നടപടി.
കൊച്ചി | ബലാത്സംഗത്തിന് ഇരയായി ഗര്‍ഭം ധരിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി. പതിനാറുകാരിയായ പെണ്‍കുട്ടിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ മാനസികാവസ്ഥ സംബന്ധിച്ച വിദഗ്ധ റിപോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്. ഗര്‍ഭച്ഛിദ്രത്തിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷന്‍ ബഞ്ച് നടപടി.
തൃശളൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാകും പെണ്‍കുട്ടിയുടെ ചികിത്സ നടക്കുക.
കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ ഭ്രൂണത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടിക്ക് കൈമാറണം.
ഗര്‍ഭസ്ഥശിശുവിനെ ജീവനോടെ പുറത്തെടുക്കാനായാല്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കുഞ്ഞിനെ പരിപാലിക്കാന്‍ പെണ്‍കുട്ടിയോ കുടുംബമോ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.