National
ബലാത്സംഗ കൊലപാതകം; വിദ്യാര്‍ഥികളുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യത ചൂണ്ടിക്കാട്ടി ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിപ്പിച്ചിരിക്കുന്നത്.
കൊല്‍ക്കത്ത | ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിത ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ഥി സംഘടന നടത്തുന്ന നബന്ന അഭിജന്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് നീങ്ങുന്നത് തടയാൻ ശ്രമിച്ച പോലീസുകാര്‍ക്കു നേരെ ചില വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞു. ഇതോടെ പോലീസ് കണ്ണീര്‍വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ അക്രമം ഉണ്ടാക്കാനുള്ള ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് കാണിച്ച് ഇന്നലെ റാലിക്ക് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അനുമതി നിഷേധിച്ചിരുന്നു.
നബന്ന അഭിജന്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യത ചൂണ്ടിക്കാട്ടി
ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിപ്പിച്ചിരിക്കുന്നത്.
ഹേസ്റ്റിംഗ്സ്, ഫര്‍ലോംഗ് ഗേറ്റ്, സ്ട്രാന്‍ഡ് റോഡ്, കൊല്‍ക്കത്തയുടെ ഇരട്ട നഗരമായ ഹൗറ തുടങ്ങിയ സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ നിര്‍മിച്ചു.
കൊല്‍ക്കത്ത പോലീസിനും ഹൗറ സിറ്റി പോലീസിനും പുറമെ കോംബാറ്റ് ഫോഴ്‌സ്, ഹെവി റേഡിയോ ഫ്ളയിങ് സ്‌ക്വാഡ്, ആര്‍ പി എഫ് എന്നിവരേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ നിരീക്ഷിക്കാന്‍ ഡ്രോണ്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കോളജ് സ്‌ക്വയറില്‍ ഒരു സംഘം പ്രതിഷേധക്കാര്‍ ഒത്തുക്കൂടി നബന്നയിലേക്ക് മാര്‍ച്ച് നടത്തിയത്. ബലാത്സംഗ കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ രാജ്യം ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.