Connect with us

National

ബലാത്സംഗക്കൊലപാതകം; സമരം പിന്‍വലിച്ച് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍

സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുള്ള ഡല്‍ഹി എയിംസിലെ ഡോക്ടര്‍മരുടെ സമരം അവസാനിപ്പിച്ചു. ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. 11 ദിവസത്തോളം നീണ്ടു നിന്ന സമരമാണ് ഡോക്ടര്‍മാര്‍ പിന്‍വലിച്ചത്.

സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് റസിഡന്റ് ഡോക്ടര്‍ അസോസിയേഷനാണ് അറിയിച്ചത്.അതേസമയം കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടുപോകും.

രാജ്യത്താകെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണി സംബന്ധിച്ച വിഷയത്തില്‍ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി നടപടിയെ അഭിനന്ദിക്കുന്നുവെന്നും സമരം ചെയ്തതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടി എടുക്കാന്‍ പാടില്ലെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ബലാത്സംഗക്കൊലക്കിരയായതില്‍ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന്
സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് നിര്‍ദ്ദേശം നല്‍കിയത്. ദേശീയ കര്‍മ്മസമിതി റിപ്പോര്‍ട്ട് വരും വരെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നാണായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രതിഷേധിച്ചവര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി എയിംസ് വക്താവ് ഡോ റിമ ദാദ പറഞ്ഞു. റസിഡന്റ് ഡോക്ടര്‍മാരുമായും സ്റ്റുഡന്റ്‌സ് യൂണിയനുമായും പ്രതിദിന യോഗങ്ങള്‍ ചേരും.