Connect with us

National

ബലാത്സംഗം: ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട മെഡിക്കല്‍ കോളജ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍

ഇതിനിടെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് ആശുപത്രി സന്ദര്‍ശിച്ചു.

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍.ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം കത്തിനില്‍ക്കുന്നതിനിടെയാണ് ഒരുകൂട്ടം ആളുകള്‍ ഇന്ന് പുലര്‍ച്ചെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. സമരപ്പന്തലും പോലീസ് ചെക്ക് പോസ്റ്റും അടിച്ചുതകര്‍ത്തവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത തുടരുന്നതിനിടെ അര്‍ധരാത്രിയോടെയാണ് അക്രമികള്‍ ആശുപത്രി വളപ്പില്‍ കയറി അക്രമം അഴിച്ചുവിട്ടത്. വാഹനങ്ങളും പൊതുമുതലും നശിപ്പിച്ച അക്രമികള്‍ പോലീസിന് നേരെയും ആക്രമണം നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിക്കേണ്ടി വന്നു. 15 പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.

ഇതിനിടെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കി.

അതേസമയം സിബിഐ സംഘം കൊല്ലപ്പെട്ട ഡോക്ടറുടെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തു.