Kerala
ബലാത്സംഗ കേസിലെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റില്‍
കോന്നി മാര്‍ക്കറ്റ് ജങ്ഷന്‍ കോയിപ്പുറത്ത് വീട്ടില്‍ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമുവല്‍ (50) ആണ് പിടിയിലായത്.
![](https://assets.sirajlive.com/2025/02/co-897x538.jpg)
കോന്നി | കോന്നിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ പ്രലോഭിപ്പിച്ച് ബാലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രവാസിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി മാര്‍ക്കറ്റ് ജങ്ഷന്‍ കോയിപ്പുറത്ത് വീട്ടില്‍ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമുവല്‍ (50) ആണ് പിടിയിലായത്.
ആലപ്പുഴ സ്വദേശിനിയെയാണ് ഇയാള്‍ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കോന്നിയില്‍ ജോലിക്കെത്തിയ യുവതിയെ, ടൗണില്‍ തന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ആരുമില്ലെന്നും അവിടെ താമസിക്കാമെന്നും അറിയിച്ച ഇയാള്‍, അവിടേക്ക് കൂട്ടിക്കൊണ്ടുപോയാണ് ആദ്യം ബലാത്സംഗത്തിന് വിധേയയാക്കിയത്. പ്രതി തുടര്‍ന്ന് വിദേശത്ത് പോവുകയും, പിന്നീട് നാട്ടിലെത്തിയ ശേഷം 2023ലും 2024 ലും നിരന്തരം ഈ വീട്ടില്‍ വച്ച് പീഡിപ്പിച്ചു.
യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുകയും, അവ യുവതിക്ക് വാട്സാപ്പ് വഴി അയക്കുകയും, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഫോണില്‍ നഗ്നയായുള്ള വീഡിയോ കാള്‍ ഭീഷണിപ്പെടുത്തി ചെയ്യിപ്പിച്ചും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി. ശല്യം സഹിക്കവയ്യാതെ കോന്നിയിലെ ജോലി ഉപേക്ഷിച്ചു പോയ യുവതിയെ, അവിടെയും അന്വേഷിച്ചെത്തിയ പ്രതി ശല്യം ചെയ്യല്‍ തുടര്‍ന്നു. ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബലാത്സംഗത്തിനും ഐ ടി നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്ത പോലീസ്, കോടതിയിലെത്തിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസെടുക്കുന്ന വിവരമറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കോന്നി വിട്ട ഇയാളെ യാത്രാമധ്യേ കൊട്ടാരക്കര വച്ച് പോലീസ് പിടികൂടുകയായിരുന്നു. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.