Uae
റാസ് അൽ ഖൈമ 35 ലക്ഷം വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നു
ആസൂത്രിതമായ വിപുലീകരണമാണ് നടക്കുന്നത്.
റാസ് അൽ ഖൈമ | റാസ് അൽ ഖൈമ ഓരോ വർഷവും 35 ലക്ഷം വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി സി ഇ ഒ റാക്കി ഫിലിപ്പ് പറഞ്ഞു. 2030 ഓടെ ഹോട്ടൽ ശേഷി ഇരട്ടിയാക്കും. സ്റ്റേക്കേഷനിൽ റാസ് അൽ ഖൈമ ഇപ്പോൾ ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം അറിയിച്ചു. എമിറേറ്റിൽ നിലവിൽ 8,000 ഹോട്ടൽ മുറികളുണ്ട്. ഈ എണ്ണം 16,000 മുതൽ 20,000 വരെ ആയി ഉയർത്തും.
ആസൂത്രിതമായ വിപുലീകരണമാണ് നടക്കുന്നത്. പുതിയ ഹോട്ടലുകൾ ഉയർന്നുവരുന്നു. അൽ മർജാൻ ദ്വീപിൽ യു എ ഇയുടെ ആദ്യ സംയോജിത ഗെയിമിംഗ് റിസോർട്ട് യാഥാർഥ്യമാകും. ലോകോത്തര ആകർഷണങ്ങളുണ്ടാകും. 2027ന്റെ തുടക്കത്തിൽ മൾട്ടി ബില്യൺ ഡോളർ ഹോട്ടൽ ഉദ്ഘാടനം ചെയ്യും. 1,500 മുറികളാണുണ്ടാവുക. 22 ഔട്്ലെറ്റുകൾ, വിനോദ സൗകര്യങ്ങൾ, കോൺഫറൻസ് ഇടങ്ങൾ എന്നിവ കൂട്ടിച്ചേർക്കും.’ ഞങ്ങളുടെ സന്ദർശകരിൽ അമ്പത് ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികളാണ്. ഞങ്ങളുടെ തന്ത്രം വിപണികളുടെ വൈവിധ്യവത്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ലോകമെമ്പാടുമുള്ള സന്ദർശകരെ ഞങ്ങൾ ആകർഷിക്കുന്നു. ചൈന പോലുള്ള പ്രധാന വിപണികളിൽ നിന്ന് ആളുകളെത്തുന്നു. ഹുആവീ, ട്രിപ്പ് ഡോട്ട് കോം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ റാസ് അൽ ഖൈമയെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ്. എമിറേറ്റ് ചൈനീസ് വിനോദസഞ്ചാരികളുടെ ഒരു മികച്ച യാത്രാ കേന്ദ്രമായി സ്വയം സ്ഥാനം പിടിക്കുന്നു.