Connect with us

National

സ്‌കൂളില്‍ വെച്ച് 15 തവണ എലി കടിച്ചു; വാക്‌സിന്‍ അളവ് കൂടിയതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ശരീരം തളര്‍ന്നു

ഭവാനി കീര്‍ത്തിയെ മാര്‍ച്ചിനും നവംബറിനും ഇടയില്‍ 15 തവണയാണ് സ്‌കൂളില്‍വെച്ച് എലി കടിച്ചത്.

Published

|

Last Updated

ഹൈദരാബാദ്  | നിരവധി തവണ എലി കടിച്ചതിനെത്തുടര്‍ന്ന് പേവിഷ ബാധക്കെതിരായ വാക്സിനെടുത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ശരീരം തളര്‍ന്നതായി പരാതി. ആന്ധ്രയിലെ ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബി സി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നത്. ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി

ഭവാനി കീര്‍ത്തിയെ മാര്‍ച്ചിനും നവംബറിനും ഇടയില്‍ 15 തവണയാണ് സ്‌കൂളില്‍വെച്ച് എലി കടിച്ചത്. മറ്റ് കുട്ടികള്‍ക്കും ഇക്കാലയളവില്‍ എലിയുടെ കടിയേറ്റിരുന്നു. കടിയേറ്റ കുട്ടികള്‍ക്കെല്ലാം ആന്റി റാബിസ് വാക്‌സിന്‍ നല്‍കുകയും ചെയ്തിരുന്നു. വാക്‌സിന്‍ അമിതമായി നല്‍കിയതാണ് ശരീരം തളരാന്‍ ഇടയായതെന്നാണ് ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നത്.

കുട്ടിയെ എലി കടിച്ച 15 തവണയും സ്‌കൂള്‍ അധികൃതര്‍ വാക്സിന്‍ നല്‍കി. കുത്തിവയ്പ്പ് നല്‍കുമ്പോള്‍ കൈ വേദനയെക്കുറിച്ച് അവള്‍ പരാതിപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ അവള്‍ക്ക് ഓവര്‍ഡോസ് നല്‍കി. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകളുടെ ദുര വസ്ഥയ്ക്ക് കാരണമെന്നും കുട്ടിയുടെ അമ്മ സമുദ്ര ബിന്ദു പറഞ്ഞു. എലി കടിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. വലതുകാലിനും കൈയ്ക്കും വേദന അനുഭവപ്പെട്ട് നടക്കാന്‍ കഴിയാതെ വന്നപ്പോള്‍ അമ്മയെ അറിയിക്കുകയും, അമ്മ ഹോസ്റ്റലിലെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

 

Latest