Connect with us

National

രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന് വോര്‍ളി ശ്മശാനത്തില്‍

ഓര്‍മയാകുന്നത് ടാറ്റ ഗ്രൂപ്പിന് സുവര്‍ണ കാലം തീര്‍ത്ത സാരഥി

Published

|

Last Updated

മുംബൈ | ഇന്നലെ അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന്. രത്തന്‍ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോര്‍ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നല്‍കുകയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു.

രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കി.

രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തന്‍ ടാറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തന്‍ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു.

രണ്ടു നൂറ്റാണ്ടിന്റ കഥ പറയാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ സുവര്‍ണ കാലഘട്ടം രത്തന്‍ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ടായിരുന്നു. ഒരു ശരാശരി ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതം ടാറ്റ ബ്രാന്‍ഡിന്റെ ഒരു ഉത്പന്നമെങ്കിലും ഉപയോഗിക്കാതെ കടുന്നുപോകാന്‍ കഴിയാത്ത വിധം ടാറ്റ ജനജീവിതവുമായി ഇഴുകിച്ചേര്‍ന്നു. ഉപ്പു മുതല്‍ വിമാനം വരെയും വസ്ത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെയും ടാറ്റയുടെ ബ്രാന്‍ഡില്‍ നിറഞ്ഞു നിന്നു.

മുപ്പതോളം ലിസ്റ്റഡ് കമ്പനികളും നിരവധി ഉപകമ്പനികളുടെ ടാറ്റയുടെ കീഴില്‍. 30 ലക്ഷം ഡോളറിലധികം ആസ്തിയുള്ള കമ്പനിക്ക് 10 ലക്ഷത്തിലധികം ജീവനക്കാരുണ്ട്. അതിസമ്പന്ന പാഴ്‌സി കുടുംബത്തിലായിരുന്നു രത്തന്‍ ടാറ്റയുടെ ജനനം. എന്നാല്‍ സങ്കട കാലമായിരുന്നു ബാല്യം. അച്ഛനും അമ്മയും വഴിപിരിഞ്ഞപ്പോള്‍ അനാഥത്വം അനുഭവിക്കേണ്ടി വന്നു. അമ്മൂമ്മ നവാജ്ബായ് കൊച്ചുമകനെ ദത്തെടുത്തു വളര്‍ത്തി. അമേരിക്കയില്‍ ആര്‍ക്കിടെക്ച്ചര്‍ പഠനം നടത്തുന്നതിനിടെ മൊട്ടിട്ട പ്രണയം സഫലമാവാതിരുന്നത് അവിവാഹതിനായി ജീവിക്കുന്നതുവരെ എത്തി.

ഇന്ത്യയില്‍ മടങ്ങിയെത്തി ജാംഷെഡ്പൂരില്‍ ടാറ്റാ സ്റ്റീലില്‍ ജോലിയ്ക്ക് കയറി. പിന്നാലെ ടാറ്റയുടെ ഉന്നത പദവികളിലേക്ക്. തുടക്കത്തില്‍ കൈവെച്ച സംരംഭങ്ങളിലെല്ലാം ലാഭം നേടിയെങ്കിലും പിന്നീട് അവ അടച്ചുപൂട്ടേണ്ടി വന്നു. അപ്പോഴും ടാറ്റാ സണ്‍സ് ചെയര്‍മാനായിരുന്ന ജെ ആര്‍ ഡി ടാറ്റയ്ക്ക് രത്തനില്‍ പൂര്‍ണ വിശ്വാസമായിരുന്നു.

1991ല്‍ ജെ ആര്‍ ഡി ടാറ്റ പടിയിറങ്ങിയപ്പോള്‍ പിന്‍ഗാമിയായി. ടാറ്റാ സ്റ്റീല്‍, ടാറ്റാ ടീ, ടാറ്റാ കെമിക്കല്‍സ്, ടാറ്റാ ഹോട്ടല്‍സ് തുടങ്ങിയ ടാറ്റാ കമ്പനികളുടെ തലപ്പത്തിരുന്നവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഈ പദവിയിലേക്കുള്ള വരവ്.

പിന്നീട് ടാറ്റയില്‍ രത്തന്‍ തന്റെ പ്രഭാവം പ്രകടമാക്കി. ഓാട്ടോമൊബൈല്‍ വ്യവസായത്തില്‍ കൈവെച്ച ടാറ്റ, ഒരു ലക്ഷം രൂപയ്ക്ക് കാറെന്ന സ്വപ്‌നം സാക്ഷാത്കരിച്ചു. നാനോ കാര്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ അദ്ഭുതം തീര്‍ത്തു. രത്തന്റെ കീഴില്‍ ടാറ്റയുടെ ആസ്തി 40 മടങ്ങ് വര്‍ധിച്ചു. ലാഭം അന്‍പത് ഇരിട്ടിയായി. 1991 മുതല്‍ 2012വരെ ചെയര്‍മാനായിരുന്ന ടാറ്റ 2016ല്‍ ഇടക്കാല ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ നീതിയും മൂല്യങ്ങളും അനുകമ്പയും ഉയര്‍ത്തിപ്പിടിച്ച വ്യവസായിയെ ആണ് രാജ്യത്തിന് നഷ്ടമാകുന്നത്.

 

Latest