Kerala
റേഷന്‍ വിതരണ പ്രതിസന്ധി; സപ്ലൈകോ പ്രതിക്കൂട്ടില്‍
കരാറുകാരുടെ സമരം സപ്ലൈകോ ലാഘവത്തോടെ കണ്ടതാണ് റേഷന്‍ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് വിമര്‍ശം
കോഴിക്കോട് | ജനുവരിയിലെ റേഷന്‍ വിതരണം അവതാളത്തിലാക്കിയത് സംസ്ഥാനത്ത് റേഷന്‍ വിതരണത്തിന്റെ നോഡല്‍ ഏജന്‍സിയായ സപ്ലൈകോ ആണെന്ന വിമര്‍ശനമുയരുന്നു. കരാറുകാരുടെ സമരം സപ്ലൈകോ ലാഘവത്തോടെ കണ്ടതാണ് റേഷന്‍ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് വിമര്‍ശം. സപ്ലൈകോയുടെ സി എം ഡിമാര്‍ ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്നത് റേഷന്‍ വിതരണത്തെ ബാധിക്കുന്നതായി റേഷന്‍ വ്യാപാരികള്‍ പറയുന്നു. നോഡല്‍ ഏജന്‍സി സ്ഥാനത്തുനിന്ന് സപ്ലൈകോയെ മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
താലൂക്ക് തലത്തില്‍ എന്‍ എസ് എഫ് എ ഭക്ഷ്യ സംഭരണകേന്ദ്രങ്ങളിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതും വാതില്‍പ്പടി വിതരണവും സപ്ലൈകോയുടെ നിയന്ത്രണത്തിലാണ്. സപ്ലൈകോയുടെ സൗകര്യാര്‍ഥമാണ് റേഷന്‍ കരാറുകാരെ നിയമിച്ചത്. അവര്‍ക്ക് നിശ്ചയിക്കപ്പെട്ട കരാര്‍പണം നല്‍കാത്തതും ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതുമാണ് റേഷന്‍ വിതരണം അവതാളത്തിലാക്കിയത്. പല താലൂക്കുകളിലും വിതരണക്കരാറുകാരുടെ ടെന്‍ഡര്‍ കാലാവധി കഴിഞ്ഞിട്ടും പുതിയ കരാറുകാരെ നിയമിക്കാന്‍ സപ്ലൈകോക്ക് കഴിഞ്ഞിട്ടില്ല.
ജനുവരി ഒന്ന് മുതല്‍ 25 വരെയാണ് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കരാറുകാര്‍ സമരത്തില്‍ ഏര്‍പ്പെട്ടത്. സംസ്ഥാനത്ത് എല്ലായിടത്തും റേഷന്‍ മുടങ്ങിയിട്ടും സപ്ലൈകോ റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ജനുവരി ഒന്ന് മുതല്‍ കരാറുകാര്‍ സമരം ആരംഭിച്ചെങ്കിലും ആരംഭ നാളുകളില്‍ സമരം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ എല്ലാ റേഷന്‍ കടയിലും ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ടെന്ന പൊള്ളയായ അവകാശവാദം സര്‍ക്കാര്‍ ഉയര്‍ത്തുകയായിരുന്നു, 25വരെ സമരം നീണ്ടുപോയതു കൊണ്ട് റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കാനായില്ല. ഉപഭോക്താക്കള്‍ക്ക് റേഷന്‍ വാങ്ങാനുള്ള സമയം പോലും പരിഗണിക്കാതെയാണ് ഭക്ഷ്യമന്ത്രി വിതരണ തീയതി നിശ്ചയിച്ചത്. ഇത് ഉപഭോക്താക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി. പല തവണകളിലായി സര്‍ക്കാറിന് തീയതി നീട്ടിനല്‍േകണ്ടിവന്നു.
റേഷന്‍ വിതരണം സുഗമമാക്കുന്നതിന് 50 കോടി രൂപ ധനവകുപ്പ് സപ്ലൈകോക്ക് അനുവദിച്ചിരുന്നു. ഇതില്‍ 16 കോടി രൂപ മാത്രമാണ് കരാറുകാര്‍ക്ക് നല്‍കാന്‍ മാറ്റിവെച്ചത്. ബാക്കി തുക സപ്ലൈകോയുടെ ൈദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിമര്‍ശം. ധനവകുപ്പ് നല്‍കിയ തുകയില്‍ 75 ശതമാനം കരാറുകാര്‍ക്ക് നല്‍കിയിരുന്നുവെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമായിരുന്നില്ല. തുക മുഴുവന്‍ നല്‍കാത്തതിനാലാണ് സമരം നീണ്ടുപോയത്. സമരം പിന്‍വലിച്ചാല്‍ ബാക്കി തുക തരാമെന്ന സപ്ലൈകോയുെട നിലപാടും പ്രതിസന്ധിക്ക് വഴിവെച്ചു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യധാന്യങ്ങള്‍ സമയബന്ധിതമായി വിതരണം നടത്താനാകാത്ത സപ്ലൈകോയെ നോഡല്‍ ഏജന്‍സി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ബദല്‍ സംവിധാനമൊരുക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
സിവില്‍ സപ്ലൈസ് വകുപ്പിനെയോ സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പറേഷനെയോ നോഡല്‍ ഏജന്‍സിയായി നിയോഗിക്കണമെന്ന ആവശ്യമാണ് ആള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ ഉയര്‍ത്തുന്നത്. സപ്ലൈകോ നോഡല്‍ ഏജന്‍സിയായി തുടര്‍ന്നാല്‍ വീണ്ടും പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നും അസ്സോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.