National
റേഷന്‍ വീട്ടുപടിക്കല്‍; പഞ്ചാബിലും ഡല്‍ഹി മോഡല്‍ പദ്ധതി പ്രഖ്യാപിച്ച് എഎപി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളെ വിളിച്ച് എത്രമണിക്ക് വീട്ടിലുണ്ടെന്ന് അന്വേഷിക്കുകയും അതനുസരിച്ച് വീട്ടുവാതില്‍ക്കല്‍ റേഷന്‍ എത്തിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ഭഗവത് മാന്‍
അമൃത്സര്‍ | പഞ്ചാബിലും ഡല്‍ഹി മോഡല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് എഎപി സര്‍ക്കാര്‍. പഞ്ചാബിലെ ജനങ്ങള്‍ക്ക് റേഷന്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കുന്ന പദ്ധതി ആരംഭിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചതായി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളെ വിളിച്ച് എത്രമണിക്ക് വീട്ടിലുണ്ടെന്ന് അന്വേഷിക്കുകയും അതനുസരിച്ച് വീട്ടുവാതില്‍ക്കല്‍ റേഷന്‍ എത്തിക്കുകയും ചെയ്യുമെന്ന് ഭഗവത് മാന്‍ വ്യക്തമാക്കി. പഞ്ചാബിലെ ജനങ്ങള്‍ക്കായി വലിയ പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് രാവിലെ എഎപി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രഖ്യാപനം.
റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കുമെന്നതിനാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഇനി ക്യൂവില്‍ നില്‍ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കും. റേഷന്‍ ഡിപ്പോയ്ക്ക് സമീപം താമസിക്കുന്നവര്‍ക്ക് ഡിപ്പോയില്‍ നിന്ന് നേരിട്ട് തന്നെ റേഷന്‍ ലഭ്യമാക്കും. ഡോര്‍സ്റ്റെപ്പ് ഡെലിവറി തിരഞ്ഞെടുക്കുന്നവര്‍ അവരുടെ താമസസ്ഥലയും അനുയോജ്യമായ സമയവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. വൃത്തിയുള്ളതും നല്ല നിലവാരമുള്ളതുമായ റേഷന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഎപി അധികാരത്തില്‍ വന്ന ശേഷം പഞ്ചാബില്‍ ആരംഭിച്ച അഴിമതി വിരുദ്ധ ഹെല്‍പ്പ്‌ലൈന്‍ സജീവമായിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെടുന്നതോ മറ്റ് ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതോ ആയ ഉദ്യോഗസ്ഥരുടെ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ ആളുകളെ സഹായിക്കുന്നതാണ് പദ്ധതി. ഇതനുസരിച്ച് ലഭിച്ച പരാതികളില്‍ നടപടിയും തുടങ്ങിയിട്ടുണ്ട്.