Kerala
റേഷന്‍ വ്യാപാരികളുടെ സമരം പാഴായി; ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനങ്ങളെല്ലാം ജലരേഖ
കമ്മീഷന്‍ നല്‍കുമെന്ന ഉറപ്പും പാലിച്ചില്ല

കോഴിക്കോട് | എല്ലാ മാസവും പതിനഞ്ചിനകം റേഷന്‍ വ്യാപാരികളുടെ വേതനം നല്‍കുമെന്ന് ജനുവരിയില്‍ അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്ന വേളയില്‍ ഭക്ഷ്യമന്ത്രി നല്‍കിയ വാഗ്ദാനമുൾപ്പെടെ ജലരേഖയായി. ആള്‍ കേരള റീട്ടെയില്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ നടത്തിയ സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി നല്‍കിയ ഉറപ്പുകളാണ് ലംഘിക്കപ്പെട്ടത്.
റമസാനും വിഷുവും പെസഹാ വ്യാഴവും കടന്നുപോയെങ്കിലും കമ്മീഷന്‍ നല്‍കുമെന്ന വാക്കും മന്ത്രി പാലിച്ചില്ല. ഇതുമൂലം വ്യാപാരികളുടെ വിശേഷ ദിവസങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായി. വില്‍പ്പനക്കാരുടെ കൂലി, കടവാടക, റേഷന്‍ സാധനങ്ങളുടെ പണമടക്കല്‍ എല്ലാം ഇതോടെ അവതാളത്തിലായി.
ഈ സര്‍ക്കാറിന്റെ തുടര്‍ഭരണത്തിന് മുമ്പ് പുനഃപരിശോധന നടത്തുമെന്ന് പറഞ്ഞ റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് തീരുമാനമെടുക്കുമെന്ന ഉറപ്പും യാഥാര്‍ഥ്യമായില്ല. റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധി നടപ്പാക്കാന്‍ സര്‍ക്കാറിന് സാമ്പത്തിക ബാധ്യതകളില്ലാത്ത വിധം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് ഒരു രൂപ വീതം സെസ്സ് ഏര്‍പ്പെടുത്തണമെന്ന ക്ഷേമനിധി ബോര്‍ഡ് നിര്‍ദേശവും നടപ്പായില്ല.
മന്ത്രിയുടെ നേതൃത്വത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മിനുട്‌സില്‍ രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുന്ന അവസ്ഥയാണുള്ളതെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നംഗ സമിതി റിപോ ര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തോളമായിട്ടും നടപ്പാക്കാതെ ഫയലില്‍ ഉറങ്ങുകയാണ്. പല വകുപ്പു തല തീരുമാനങ്ങളും നടപ്പാക്കാതെ ഭഷ്യവകുപ്പ് നിഷ്‌ക്രിയത്വം പാലിക്കുന്നതില്‍ റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ വ്യാപകമായി പ്രതിഷേധമുയരുന്നുണ്ട്.
ഭക്ഷ്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും പ്രഹസനം മാത്രമാവുകയാണെന്ന് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി മുഹമ്മദലി പറഞ്ഞു.