Kerala
ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഇ പി ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് രവി ഡി സിയുടെ മൊഴി
രവി ഡിസിയെ കോട്ടയം ഡിവൈ എസ് പി ഓഫീസില്‍ വിളിച്ചു വരുത്തി രേഖപ്പെടുത്തിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍
കൊച്ചി | ആത്മകഥ പ്രസിദ്ധീകരിക്കാന്‍ സി പി എം നേതാവ് ഇ പി ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡി സി ബുക്‌സ് ഉടമ രവി ഡി സി പോലീസില്‍ മൊഴി നല്‍കി.
ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയെ കോട്ടയം ഡിവൈ എസ് പി ഓഫീസില്‍ വിളിച്ചു വരുത്തി രേഖപ്പെടുത്തിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. ഡിവൈ എസ് പി കെ ജി അനീഷ് ആണ് മൊഴിയെടുത്തത്. മുന്‍ നിശ്ചയിച്ച പ്രകാരം ഡിവൈ എസ് പി ഓഫീസില്‍ ഹാജരായ രവി ഡിസിയില്‍ നിന്ന് മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. ആത്മകഥാ വിവാദം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും രവി ഡിസിയില്‍ നിന്ന് ചോദിച്ചറിഞ്ഞ പോലീസ് റിപ്പോര്‍ട്ട് ഇന്ന് ഡി ജി പിക്ക് സമര്‍പ്പിക്കും.
പുസ്തക വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ മൊഴിയും കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഡി സി ബുക്‌സിനെതിരെ ജയരാജന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു.
ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു ഇ പി ജയരാജന്റെ നിയമനടപടി. ഇ പി ജയരാജന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ആസൂത്രിതമായി വിവാദ ആത്മകഥാ പരാമര്‍ശം പുറത്തുവിടുകയായിരുന്നുവെന്നാണു കരുതുന്നത്. ആത്മകഥയിലേത് എന്ന പേരില്‍ പുറത്ത് വന്ന ഭാഗങ്ങള്‍ തന്റേതല്ലെന്ന് ജയരാജന്‍ വ്യക്തമാക്കിയിരുന്നു.