t20worldcup
ഇന്ത്യയുടെ മോശം പ്രകടനത്തിന്റെ കാരണം ഐ പി എല്‍ ആണെന്ന് സമ്മതിച്ച് രവി ശാസ്ത്രിയും
ഐ പി എല്ലും ലോകകപ്പ് മത്സരങ്ങളും തമ്മില്‍ കുറച്ച് കൂടി നീണ്ട ഇടവേള ആവാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ദുബൈ | ഐ പി എല്ലും ലോകകപ്പ് മത്സരങ്ങളും തമ്മിലുള്ള ഇടവേള കുറഞ്ഞതാണ് ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്ന് സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ആറ് മാസത്തോളം ടീമംഗങ്ങള്‍ ബയോ ബബിളിനകത്തായിരുന്നു. ഐ പി എല്ലും ലോകകപ്പ് മത്സരങ്ങളും തമ്മില്‍ കുറച്ച് കൂടി നീണ്ട ഇടവേള ആവാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ മാനസികമായി വളരെ തളര്‍ന്നിരുന്നു. എന്നാല്‍ തന്റെ പ്രായത്തില്‍ അത് സ്വാഭാവികമാണ്. എന്നാല്‍, കളിക്കാരും സമാന രീതിയില്‍ മാനസികമായി തളര്‍ന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
വലിയ മത്സരങ്ങള്‍ വന്നപ്പോള്‍ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വന്നു. എന്നാല്‍ അത് ഒരു ഒഴിവ് കഴിവല്ലെന്നും തോല്‍വിയെ ഇന്ത്യക്ക് ഭയമില്ലാത്തതിനാല്‍ അത് സ്വീകരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആറുമാസത്തോളം ബബിളിനകത്തായിരുന്നതും കളിക്കാര്‍ക്ക് വീട്ടില്‍ പോകാന്‍ സാധിക്കാതെ വന്നതും ഐ പി എല്ലും ലോകകപ്പ് ടൂര്‍ണ്ണമെന്റും തമ്മില്‍ ഇടവേള കുറഞ്ഞതുമാണ് ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്ന് ഇന്ത്യന്‍ ടീം ബോളിംഗ് കോച്ച് ഭരത് അരുണും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഐ പി എല്ലിനോട് കാണിക്കുന്ന ആത്മാര്‍ഥത ടീമംഗങ്ങള്‍ ദേശീയ ടീമിനായി കളിക്കുമ്പോള്‍ കാണിക്കുന്നില്ല എന്ന വിമര്‍ശനവും ഉയര്‍ന്ന് വരുന്നുണ്ട്.