National
റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ ബി ഐ
റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറഞ്ഞേക്കും
![](https://assets.sirajlive.com/2025/02/repo.jpg)
ന്യൂഡല്‍ഹി | റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് നിരക്ക് കുറക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. നിരക്കില്‍ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോളം കുറവുവരും.
വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ആര്‍ ബി ഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
കൊവിഡ് കാലത്താണ് ആര്‍ ബി ഐ അവസാനമായി നിരക്ക് കുറച്ചത്. അതിന് ശേഷം ഘട്ടംഘട്ടമായി റിപ്പോ 6.50 ശതമാനമായി ഉയര്‍ത്തുകയായിരുന്നു.