Connect with us

Business

രാജ്യത്തെ ബേങ്കുകള്‍ക്ക് കോടികണക്കിന് രൂപ പിഴയിട്ട് ആര്‍ബിഐ

എസ്ബിഐ, ഇന്ത്യന്‍ ബേങ്ക് ഉള്‍പ്പെടെ മൂന്ന് പൊതുമേഖലാ ബേങ്കുകള്‍ക്ക് പിഴ ചുമത്തി

Published

|

Last Updated

ന്യൂഡല്‍ഹി| വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന കാരണത്താല്‍ എസ്ബിഐ, ഇന്ത്യന്‍ ബേങ്ക് ഉള്‍പ്പെടെ മൂന്ന് പൊതുമേഖലാ ബേങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ. വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുറപ്പെടുവിച്ച ചില നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് നടപടി.

കൃത്യമായ പരിശോധനകള്‍ ഇല്ലാതെ കോര്‍പറേറ്റ് ലോണ്‍ അനുവദിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യ്ക്ക് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്. 1.3 കോടി രൂപയാണ് എസ്ബിഐ നല്‍കേണ്ടത്. 1949ലെ ബേങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 46(4)(ഐ), 51(1) എന്നിവയ്ക്കൊപ്പം 47എ(1)(സി) വകുപ്പുകള്‍ പ്രകാരം ആര്‍ബിഐയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.

നിക്ഷേപങ്ങളുടെ പലിശ നിരക്ക്, കെവൈസി നിയമങ്ങള്‍ പാലിക്കുക എന്നിവയില്‍ വീഴ്ച വരുത്തിയതിന് ഇന്ത്യന്‍ ബേങ്കിന് 1.62 കോടി രൂപ പിഴ ചുമത്തി. നിക്ഷേപകരുടെ വിദ്യാഭ്യാസ, ബോധവല്‍ക്കരണ ഫണ്ട് പദ്ധതിയുടെ ചില വ്യവസ്ഥകള്‍ പാലിക്കാത്തതിന് പഞ്ചാബ് ആന്‍ഡ് സിന്ദ് ബേങ്കിന് ഒരു കോടി രൂപയും പിഴ ചുമത്തി. എന്‍ബിഎഫ്സികളിലെ തട്ടിപ്പ് നിരീക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളിലെ ചില വ്യവസ്ഥകള്‍ പാലിക്കാത്തതിന് ഫെഡ്‌ബേങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന് 8.80 ലക്ഷം രൂപ പിഴയും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ചുമത്തിയിട്ടുണ്ട്.

അതേസമയം, ബേങ്കുകള്‍ക്കും എന്‍ബിഎഫ്സിക്കുമുള്ള പിഴകള്‍, ആര്‍ബിഐ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണെന്നും ഒരിക്കലും ഇടപാടുകാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അല്ലെന്നും ആര്‍ബിഐ അറിയിച്ചു.