Connect with us

Business

അഹമ്മദാബാദിലെ സഹകരണ ബേങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ബിഐ

ഒരു ഉപഭോക്താവിന് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| അഹമ്മദാബാദ് ആസ്ഥാനമായുള്ള കളര്‍ മര്‍ച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് ബേങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ. സഹകരണ ബേങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കുന്നതിനടക്കം ആര്‍ബിഐ നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിയന്ത്രണങ്ങള്‍ 2023 സെപ്തംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നതായി സെന്‍ട്രല്‍ ബേങ്ക് പ്രസ്താവനയില്‍ അറിയിച്ചു. ആറ് മാസത്തേക്ക് നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

ഈ സഹകരണ ബേങ്കിന് ആര്‍ബിഐയുടെ അനുവാദമില്ലാതെ ഗ്രാന്റ് നല്‍കാനോ വായ്പ പുതുക്കാനോ നിക്ഷേപം നടത്താനോ ബാധ്യത വരുത്താനോ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ സാധിക്കില്ല. അതേസമയം സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നോ കറന്റ് അക്കൗണ്ടുകളില്‍ നിന്നോ മറ്റ് ഏതെങ്കിലും അക്കൗണ്ടുകളില്‍ നിന്നോ നിക്ഷേപകന് 50000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ സാധിക്കില്ല.

യോഗ്യരായ നിക്ഷേപകര്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയിം തുകകള്‍ സ്വീകരിക്കാന്‍ അര്‍ഹതയുണ്ടെന്നും ആര്‍ബിഐ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് നിക്ഷേപകര്‍ക്ക് അവരുടെ ബേങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണ്.

എന്നാല്‍ ഈ നിയന്ത്രണങ്ങളുടെ അര്‍ത്ഥം തെറ്റായി വ്യാഖ്യാനിക്കരുതെന്നും ബേങ്കിംഗ് ലൈസന്‍സ് റദ്ദാക്കിയതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. ബേങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളോടെ ബേങ്കിംഗ് ബിസിനസ്സ് ഏറ്റെടുക്കുന്നത് തുടരും. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്നും റിസര്‍വ് ബേങ്ക് അറിയിച്ചു.