National
നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; വളര്‍ച്ചാ അനുമാനം 9.5 ശതമാനം
അടുത്ത കലണ്ടര്‍ വര്‍ഷത്തില്‍ രണ്ടാംപാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25 ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.
മുംബൈ| തുടര്‍ച്ചയായി ഒമ്പതാം തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35 ശതമാനവുമായി തുടരും. അക്കൊമഡേറ്റീവ് നയം തന്നെ തുടരാനാണ് തീരുമാനം. വളര്‍ച്ചാ പ്രതീക്ഷ 9.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ചാ അനുമാനം 6.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമാക്കി കുറക്കുകയും ചെയ്തിട്ടുണ്ട്.
വിലക്കയറ്റ ഭീഷണി നിലനില്‍ക്കെ ഇത്തവണ മുതല്‍ നിരക്കുകള്‍ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആര്‍ബിഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച (8.4ശതമാനം) രേഖപ്പെടുത്തിയതും മറ്റ് സാമ്പത്തിക സൂചകങ്ങള്‍ അനുകൂലമായതും അതിന് അടിവരയിട്ടു.
ഒമിക്രോണ്‍ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേര്‍ന്നത്. അടുത്ത കലണ്ടര്‍വര്‍ഷത്തില്‍ രണ്ടാംപാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25 ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. അതോടെ 2022 സാമ്പത്തിക വര്‍ഷം അവസാനത്തോടെ നിരക്ക് 4.50 ശതമാനമാകും. റിവേഴ്സ് റിപ്പോ നിരക്കിലും സമാനമായ വര്‍ധന പ്രതീക്ഷിക്കാം. അതോടെ അടുത്തവര്‍ഷം മധ്യത്തോടെ വായ്പാ-നിക്ഷേപ പലിശകള്‍ വര്‍ധിക്കും.