Business
ആര്‍ബിഐ എംപിസി യോഗം ഇന്ന് മുതല്‍
മൂന്ന് ദിവസത്തെ യോഗത്തിനുശേഷം ആര്‍ബിഐ എംപിസി കൈക്കൊണ്ട തീരുമാനങ്ങള്‍ ഒക്ടോബര്‍ 6ന് അവതരിപ്പിക്കും.

ന്യൂഡല്‍ഹി| റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റിയുടെ(എംപിസി) മൂന്ന് ദിവസത്തെ യോഗം ആരംഭിച്ചു. ആഗോളവിപണിയില്‍ രൂപയുടെ മൂല്യ ഇടിവ്, ആഭ്യന്തര പണപ്പെരുപ്പം എന്നീ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകുന്ന സാഹചര്യത്തില്‍ ഈ യോഗം ഏറെ നിര്‍ണ്ണായകമാണ്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഭ്യന്തര പണപ്പെരുപ്പം ജൂലൈയില്‍ 7.4 ശതമാനം വരെ വര്‍ധിച്ചിരുന്നു. പിന്നീട് ആഗസ്റ്റില്‍ ഇത് 6.8 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഡിസംബറോടെ ഇത് 5.5 ശതമാനത്തില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് ലക്ഷ്യമായ 4 ശതമാനം എന്നതിനേക്കാള്‍ വളരെ കൂടുതലാണ്. അസംസ്‌കൃത എണ്ണയുടെ വിലയില്‍ 10 ശതമാനത്തിലധികം വര്‍ധന ഉണ്ടായത് ഈ സമയത്തെ പണപ്പെരുപ്പത്തിന് കാരണമായതായാണ് വിലയിരുത്തല്‍.
മൂന്ന് ദിവസത്തെ യോഗത്തിനുശേഷം ആര്‍ബിഐ എംപിസി കൈക്കൊണ്ട തീരുമാനങ്ങള്‍ ഒക്ടോബര്‍ 6ന് അവതരിപ്പിക്കും. ഇത്തവണ, മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് പഴയ നിലയായ 6.5 ശതമാനത്തില്‍ നിലനിര്‍ത്തുന്നതിന് ഊന്നല്‍ നല്‍കുമെന്നാണ് സൂചന. നേരത്തെ ജൂണ്‍ ആദ്യവാരം നടന്ന എംപിസിയിലും റിപ്പോ നിരക്കില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല.
ആര്‍ബിഐയുടെ മോണിറ്ററി കമ്മിറ്റി നടത്തുന്ന ഈ യോഗം രണ്ട് മാസത്തിലൊരിക്കലാണ് നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യോഗം മൂന്നാം ദിവസം ആര്‍ബിഐ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ കമ്മിറ്റിയുടെ തീരുമാനം അറിയിക്കുന്നതോടെയാണ് അവസാനിക്കുക.