Connect with us

From the print

ലക്ഷദ്വീപിൽ പണ്ടാരം ഭൂമി പിടിച്ചെടുക്കാൻ വീണ്ടും സർവേ

കവരത്തിയിൽ ലക്ഷദ്വീപ് എം പി യുടെ നേതൃത്വത്തിലാണ് സമരം

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപിൽ പണ്ടാരം ഭൂമി സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. ഭൂ ഉടമകളുടെ അനുവാദം ഇല്ലാതെ സർവേ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കവരത്തിയിൽ ലക്ഷദ്വീപ് എം പി ഹംദുല്ലാ സഈദിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ തടഞ്ഞത്.

കവരത്തി, ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിലാണ് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ പണ്ടാരം ഭൂമി സർവേ നടത്താൻ എത്തിയത്. എന്നാൽ മൂന്ന് ദ്വീപുകളിൽ കോൺഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
ഭൂഉടമസ്ഥരുടെ അനുമതിയില്ലാതെയുള്ള ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്ന് എം പി ഹംദുല്ലാ സഈദ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ തടഞ്ഞതിന് ശേഷം ലക്ഷദ്വീപ് കലക്ടറുടെ ചേംബറിൽ നേരിട്ടെത്തിയ എം പി സർവേ നടപടി എത്രയും പെട്ടെന്ന് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു.

സർവേ തുടർന്നാൽ ജനങ്ങളെ മുൻനിർത്തി തുടർസമരം നടത്തുമെന്നും കലക്ടറുടെ നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം പി പറഞ്ഞു. ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഒരുങ്ങുമ്പോൾ കൂട്ടക്കുടിയൊഴുപ്പിക്കലിനാണ് കളമൊരുങ്ങുന്നത്. 3,117 വീടുകളും നിരവധി ആരാധനാലയങ്ങളും ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾ ഒഴിപ്പിക്കപ്പെടും. ഒന്നരലക്ഷം തെങ്ങുകളും മുറിച്ചു മാറ്റേണ്ടിവരും. എന്നാൽ അർഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഇടക്കാല ഉത്തരവ് ലംഘിച്ച് പണ്ടാരം ഭൂമിയിൽ സർവേ നടത്തിയ ലക്ഷദ്വീപ് കലക്ടർക്കെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശമുയർത്തിയിരുന്നു. ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും പരാതിക്കാരുടെ ഭൂമിയിൽ സർവേ നടപടികളുമായി മുന്നോട്ടുപോയതിൽ വിശദീകരണം നൽകണമെന്നും കലക്ടറോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ലക്ഷദ്വീപ് കലക്ടറോട് നേരിട്ട് ഹാജരാകാൻ പറയാത്തത് പൊതുപണം ചെലവാകുമല്ലോ എന്നോർത്താണെന്നും കോടതി വിമർശിച്ചു. ഇതിനിടെയാണ് വീണ്ടും സർവേ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ടുപോകുന്നത്. പരാതിക്കാരുടെ ഭൂമിയിലെ തുടർനടപടികൾ പാടില്ലെന്ന സ്റ്റേ ഹൈക്കോടതി നീട്ടിയിരുന്നു.

ഭൂമി തിരിച്ചുപിടിക്കാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നൽകിയ പരാതിയിലെ സ്റ്റേ നടപടികളാണ് കോടതി നീട്ടിയത്. മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കലക്ടർ കഴിഞ്ഞ ദിവസമാണ് നിർദേശം നൽകിയത്. ചിറക്കൽ രാജവംശം മുതൽ സർക്കാർ ജനങ്ങൾക്ക് പാട്ടത്തിന് കൊടുത്ത ആൾപ്പാർപ്പില്ലാത്ത ഭൂമിയാണ് പണ്ടാരം ഭൂമി. ദ്വീപുകാർ തലമുറകളായി കൃഷി ചെയ്ത് ഉപയോഗിച്ചുവരികയാണിവിടം. 2019 വരെ കൈവശാവകാശം ഉള്ളവരുടെ പണ്ടാരം ഭൂമിയിൽ അവർക്ക് സമ്പൂർണ അവകാശം എന്ന നിയമ ഭേദഗതി നേരത്തേ കൊണ്ടുവന്നിരുന്നു.

Latest