Connect with us

Articles

വായന ജ്ഞാനവും സംസ്‌കാരവുമാകുന്നത്

ആധുനിക മനുഷ്യർക്ക് ഭാഷ നൽകുന്ന അറിവ് ലോകത്തെ തിരിച്ചറിയാനും ലോകത്തിന്റെ മാറ്റത്തെ ഉൾക്കൊള്ളാനും സഹായിക്കുന്നുണ്ട്. എന്നാൽ ഇന്ന് സാങ്കേതിക രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റം ഭാഷയുടെയും വായനയുടെയും സ്വഭാവത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. അതിനെ എങ്ങനെ ലോകത്തെ അവികസിത സമൂഹത്തിന്റെ കൂടി പുരോഗതിക്ക് വേണ്ടി പ്രയോജനപ്പെടുത്താം എന്നതുകൂടി ചർച്ചയിലേക്ക് വരേണ്ടതുണ്ട്.

Published

|

Last Updated

വായന മനുഷ്യന്റെ ജ്ഞാനോത്പാദനത്തെ സ്വാധീനിക്കുന്നത് പോലെ മറ്റൊന്നിനും സാധ്യമല്ല. വായനയിലൂടെ ഏതൊരു വ്യക്തിക്കും തന്റെ സാമൂഹിക ബോധത്തെയും സ്വയം നവീകരണത്തെയും വളർത്തിയെടുക്കാൻ കഴിയുന്നു. ചിലർക്ക് വായന ആനന്ദം നൽകുമ്പോൾ മറ്റ് ചിലർക്ക് വായന നിലനിൽക്കുന്ന രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയെ തിരിച്ചറിയാനും അതിനെതിരെയുള്ള പ്രതിരോധത്തെ രൂപപ്പെടുത്താനും സഹായിക്കുന്നു. അതുകൊണ്ടാണ് വായനയില്ലാത്ത സമൂഹം അതിവേഗം ഇരുട്ടിലേക്ക് വീണു പോകുന്നത്. അവർക്ക് ലോകത്തിന്റെ മാറ്റത്തിനനുസരിച്ച് വളരാൻ കഴിയുന്നില്ല. അത്തരം മനുഷ്യരുടെ സ്വഭാവിക വളർച്ചയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇത് തിരിച്ചറിയുമ്പോഴാണ് ഭാഷയുടെയും സാർവത്രിക വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം മനസ്സിലാവുന്നത്.

ഭാഷ ഏതൊരു സമൂഹത്തിന്റെയും സാംസ്‌കാരിക ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നതാണ്. ആ അർഥത്തിൽ ഭാഷ സംസ്‌കാരത്തിന്റെയും സാമൂഹിക മാറ്റത്തിന്റെയും പ്രധാന ഘടകവുമാണ്.

ആധുനിക മനുഷ്യർക്ക് ഭാഷ നൽകുന്ന അറിവ് ലോകത്തെ തിരിച്ചറിയാനും ലോകത്തിന്റെ മാറ്റത്തെ ഉൾക്കൊള്ളാനും സഹായിക്കുന്നുണ്ട്. എന്നാൽ ഇന്ന് സാങ്കേതിക രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റം ഭാഷയുടെയും വായനയുടെയും സ്വഭാവത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. അതിനെ എങ്ങനെ ലോകത്തെ അവികസിത സമൂഹത്തിന്റെ കൂടി പുരോഗതിക്ക് വേണ്ടി പ്രയോജനപ്പെടുത്താം എന്നതുകൂടി ചർച്ചയിലേക്ക് വരേണ്ടതുണ്ട്. മൂന്നാം ലോകരാജ്യത്തെ വലിയ ശതമാനം മനുഷ്യർക്കും കൃത്യമായ രീതിയിൽ പ്രാഥമിക വിദ്യാഭ്യാസം ഇന്നും ലഭ്യമല്ല. ഇന്ത്യയിൽ പോലും പല ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും കുട്ടികൾ സ്‌കൂളിൽ പോകാതെ ബാലവേലക്ക് നിയോഗിക്കപ്പെട്ടവരാകുന്നു. അതിന് കാരണമാകുന്നത് ദാരിദ്ര്യവും പട്ടിണിയുമാണ്. അത് മാറ്റിയെടുക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ല. ഇവിടെയാണ് ഇവർക്കിടയിലെ വിദ്യാഭ്യാസം നേടിയ മനുഷ്യർക്ക് എന്തുകൊണ്ട് ഇത്തരം മനുഷ്യരെ മാറ്റിയെടുക്കാൻ കഴിയുന്നില്ല എന്ന ചോദ്യം പ്രസക്തമാകുന്നത്. കേരളത്തിലെ സാക്ഷരതാ പ്രവർത്തനം തന്നെയാണ് ഇതിന് എക്കാലത്തും ഇന്ത്യക്ക് മാതൃക.

ആധുനിക സാങ്കേതിക വിദ്യയിൽ അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഭാഷയുടെ ലിഖിത രൂപങ്ങളുടെ സാധ്യതയെ കൂടി വികസിപ്പിക്കുന്നുണ്ട്. അത് ഭാഷയെ ഏതെങ്കിലും ഒരിടത്ത് മാത്രം കെട്ടിയിടാതെ മറ്റ് ദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. നേരത്തേ വായനയിലൂടെ നേടിയ ജ്ഞാനബോധം അതാത് ഭാഷയിൽ ഒതുങ്ങിനിന്നു. അത് മൊഴിമാറ്റത്തിന് വിധേയമായെങ്കിലും ഏറെസമയം അതിന് വേണ്ടിവന്നു. ഇന്ന് ആ രീതി മാറി.

ലോകത്തെ മുഖ്യ ഭാഷകൾ ഒക്കെ മറ്റ് ഭാഷയിലേക്ക് മൊഴിമാറ്റപ്പെടുന്നതിൽ പുതുസാങ്കേതികത നേടിയ വിജയം അതിശയിപ്പിക്കുന്നതാണ്. ഇതര സാമൂഹിക മനുഷ്യരുടെ ജീവിതത്തെ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. മറ്റൊരു തരത്തിൽ അന്യഭാഷാ ജ്ഞാനം വ്യത്യസ്ത സമൂഹത്തിലെ മനുഷ്യരുടെ സാമൂഹിക ജീവിതത്തെയും സാംസ്‌കാരിക വളർച്ചയെയും ആ സ്ഥലം സന്ദർശിക്കാതെ മനസ്സിലാക്കാൻ സഹായിക്കുന്നു.

നേരത്തേ ഇത് ഭാഷകളുടെ പരസ്പര പരിഭാഷയിലൂടെ സംഭവിച്ചതാണെങ്കിൽ ഇന്ന് അത്തരം പരിഭാഷക്ക് നീണ്ടനാളത്തെ കാത്തിരിപ്പ് ആവശ്യമില്ല. പൂർണമായ അർഥത്തിൽ അല്ല എന്ന പരിമിതി നിലനിൽക്കുമ്പോഴും ആധുനിക സാങ്കേതികവിദ്യ വായനയെ ആഴത്തിൽ സ്വാധീനിച്ചു കഴിഞ്ഞു.
നവ സാങ്കേതികത അന്യഭാഷകളെ ഒരാളിന്റെ തനത് ഭാഷയിലേക്ക് പെട്ടെന്ന് മൊഴി മാറ്റിയെടുക്കുന്നു. ഏത് ഭാഷയിലാണോ എഴുതപ്പെട്ടത് അതിന്റെ വലിയ ശതമാനം അർഥത്തെ ഉൾക്കൊള്ളാൻ കഴിയുന്ന വിധം സാങ്കേതികവിദ്യ അത് സാധ്യമാക്കുന്നു. ഗൂഗിളിന്റെ സഹായത്തോടെ ലോകത്തെ പല ഭാഷകളെയും ഇങ്ങനെ മൊഴി മാറ്റിയെടുക്കാൻ കഴിയുമ്പോൾ നമ്മൾ മറ്റൊരു രാജ്യത്തെ മനുഷ്യരുടെ ജീവിത രീതികളെയാണ് തിരിച്ചറിയുന്നത്. ഇത് സാംസ്‌കാരിക വിനിമയത്തെ എളുപ്പമാക്കുന്നു. കേരളത്തെ സംബന്ധിച്ച് വായനയുടെ പ്രാധാന്യത്തിന് പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം പ്രാധാന്യവും പഴക്കവുമുണ്ട്. സമൂഹത്തിന്റെ പുരോഗതിയെ നിർണയിക്കുന്ന പ്രധാന ഘടകം സാമ്പത്തികമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ മനുഷ്യന്റെ ഭൗതിക പുരോഗതി വെച്ചുകൊണ്ട് ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയെയും അതിന്റെ സാംസ്‌കാരിക ഔന്നത്യത്തെയും അളന്നെടുക്കാൻ കഴിയില്ല. അതിനാവശ്യമായിട്ടുള്ളത് ആ സമൂഹത്തിലെ മനുഷ്യരുടെ സാമൂഹികബോധവും അതിൽ നിന്നുണ്ടാകുന്ന സാംസ്‌കാരിക ഇടപെടലുമാണ്. അത് മനുഷ്യരെ എങ്ങനെ പരസ്പരം ഒന്നിച്ചുള്ള ജീവിതത്തിന് സഹായിക്കുന്നു എന്നുള്ളതാണ്. ഇത്തരം അവസ്ഥ കേരളത്തിൽ നിലനിൽക്കുന്നുണ്ടെങ്കിൽ കൂടി അടുത്തകാലത്തായി കണ്ടുവരുന്ന പ്രവണത പ്രത്യാശ നൽകുന്നതല്ല. വിദ്യാഭ്യാസം കൊണ്ട് നേടിയ അറിവ് വ്യക്തികളുടെ സാമൂഹിക ബോധത്തിലും
സാംസ്‌കാരിക ഇടപെടലിലും പ്രകടമാകുന്നില്ല. അതിന്റെ നിരവധിയായ അടയാളങ്ങൾ ഇന്ന് കേരളത്തിലെ സാധാരണ ജീവിതത്തിൽ പോലും പ്രകടമാണ്. ഉയർന്ന വിദ്യാഭ്യാസമുള്ളവർ പോലും സങ്കുചിതമായ ജാതി മത താത്പര്യങ്ങളെ സംരക്ഷിക്കുന്നു. ഇത് നല്ല പ്രവണതയല്ല.

പഠനം ഇല്ലെങ്കിൽ പാടത്തേക്ക് ഇല്ല എന്ന് പറഞ്ഞ സാമൂഹിക പരിഷ്‌കർത്താവ് അയ്യങ്കാളി മുന്നോട്ട് വെച്ചത് ജ്ഞാനസമ്പന്നതയിലൂടെ മാത്രമേ ഒരു സമൂഹത്തിന് വളരാൻ കഴിയൂ എന്ന സന്ദേശമാണ്. പിന്നീടുള്ള കേരളത്തിന്റെ നവോത്ഥാന പ്രവർത്തനത്തെ ശക്തിപ്പെടുത്തിയതും ഈ ജ്ഞാന സിദ്ധാന്തം തന്നെയാണ്. എന്നാൽ ഇന്ന് കേരളം ജാതിയുടെയും അന്ധമായ സമുദായ കൽപ്പനകളുടെയും ഭാരം പേറുന്ന ദേശമായി മാറുകയാണ്. ഈ അവസരത്തിലാണ് അടിസ്ഥാനപരമായി വായന മനുഷ്യനെ എങ്ങനെയാണ് സാംസ്‌കാരികമായി പരിവർത്തനത്തിന് വിധേയമാക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നത്. ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത വിധത്തിൽ കേരളത്തിലെ അടിത്തട്ടിൽ വരെ വ്യാപിച്ചുകിടക്കുന്നുണ്ട് പ്രാഥമിക വിദ്യാഭ്യാസം. അത് ഉന്നതമായ സാമൂഹികബോധത്തെയും സമൂഹത്തിന്റെ ക്രിയാത്മക വളർച്ചയെയും സഹായിക്കുന്നില്ലെങ്കിൽ നാം നേടിയ അറിവിന് എവിടെയോ ചില പരുക്കുകൾ നിലനിൽക്കുന്നുണ്ട്. അത് വ്യക്തികളിൽ ഉണ്ടാകേണ്ട നവീകരണ പ്രവർത്തനം കൃത്യമായി സംഭവിക്കാത്തതിന്റെ കൂടി ഫലമാണ്. അവിടെയാണ് മാറുന്ന ലോകത്തിന്റെ നൈതികതയെയും അത് മുന്നോട്ടുവെക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെയും തിരിച്ചറിയാൻ വായന നമ്മെ സന്നദ്ധരാക്കേണ്ടത്. അപ്പോഴാണ് വായന ജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളമായി മാറുന്നത്.

Latest