Connect with us

aathmeeyam

വായനയുടെ വാതായനങ്ങൾ

ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിന്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണ്. ജീവിത വിജയത്തിന് അർഥമുള്ള വായന വേണം. ആശയങ്ങൾ ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കണം. എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനം.

Published

|

Last Updated

മാറ്റങ്ങളുടെ ചാലകശക്തിയും മനസ്സിന്റെ ആഹാരവുമാണ് വായന. ലോകം മാറ്റിമറിച്ച ചരിത്ര പുരുഷന്മാരെല്ലാം അതിരുകൾ ഭേദിച്ച വായനയുടെ ഉടമകളായിരുന്നു. ലോകം കൈയിലെടുത്ത് അമ്മാനമാടിയ നെപ്പോളിയൻ ബോണോപാർട്ടും ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തിയും സ്വതന്ത്ര ഭാരതത്തിന്റെ പിതൃപദവിയിലെത്തിയ മഹാത്മാ ഗാന്ധിയും ഇന്ത്യയെ വീണ്ടെടുക്കുന്നതിന് സൈദ്ധാന്തികമായും ബൗദ്ധികമായും വലിയ സംഭാവനകൾ നൽകിയ അംബേദ്കറും നെഹ്റുവും അബുൽ കലാം ആസാദുമെല്ലാം പരന്ന വായനക്കാരായിരുന്നു.

ഏതൊരു രാജ്യത്തിന്റെയും സാംസ്കാരിക പൈതൃകവും രാഷ്ട്രീയ മുന്നേറ്റവും രൂപപ്പെടുത്തുന്നതും അടയാളപ്പെടുത്തുന്നതും വായനയും വിജ്ഞാനവുമാണ്. തുരുമ്പെടുക്കുന്ന മനുഷ്യചിന്തകളെ അത് ജ്വലിപ്പിക്കുകയും ജീവസുറ്റതാക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സംസ്‌കാര നിര്‍മിതിയിലും സാമൂഹിക നിലപാട് രൂപവത്കരണത്തിലും വായനക്ക് അനിര്‍വചനീയ സ്ഥാനമുണ്ട്. ആകയാൽ അക്ഷരങ്ങള്‍ കഥ പറയുന്ന തെരുവുകളും വിശാലമായ ഗ്രന്ഥശേഖരങ്ങളും പല രാജ്യങ്ങളിലും ഉടലെടുത്തു. നാഗരികതയുടെ ഈറ്റില്ലമായ ബഗ്ദാദിലും ദമസ്‌കസിലുമെല്ലാം അക്കാലത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറികള്‍ ഉണ്ടായിരുന്നെന്ന് ചരിത്രരേഖകളിൽ കാണാം. അറേബ്യൻ നാഗരികതയും ഈജിപ്ഷ്യൻ സംസ്കാരവും യൂറോപ്യൻ വിജ്ഞാന വിസ്ഫോടനവുമെല്ലാം സാധ്യമായതിൽ വായനക്ക് വലിയ പങ്കുണ്ട്.

വായനയുടെ അനന്തസാധ്യതകളിലേക്കും മാസ്മരികമായ സ്വാധീനത്തിലേക്കും വെളിച്ചം വീശുന്നതാണ് വിശുദ്ധ ഖുർആനിലെ പ്രഥമ വചനം. പ്രപഞ്ച നാഥനെ പരിചയപ്പെടുത്തുന്നതിന് മുമ്പ്, എന്നല്ല മറ്റെല്ലാറ്റിനും മുമ്പ് “ഇഖ്റഅ്’ (വായിക്കൂ) എന്നാണ് ഖുർആനിന്റെ ആഹ്വാനം. നിര്‍ണിതമായ ഒരു ഗ്രന്ഥം നോക്കിയുള്ള വായനയല്ല ഖുർആൻ ഇവിടെ വിവക്ഷിക്കുന്നത്. കാരണം, തിരുനബി(സ) യുടെ കാലത്ത് ഖുർആനിക വചനങ്ങൾ പുസ്തക രൂപത്തിലല്ല. അവിടുത്തെ വിയോഗ ശേഷമാണ് ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കപ്പെട്ടത്. അപ്പോൾ പ്രഥമ വചനത്തിലെ വായനാഭ്യർഥനയുടെ പൊരുൾ ആകാശ ഭൂമിയെയും പ്രപഞ്ച പ്രതിഭാസങ്ങളെയും പ്രകൃതി വിഭവങ്ങളെയും സർവചരാചരങ്ങളെയും മുന്‍നിര്‍ത്തിയുള്ള അതിവിശാലവും ആഴത്തിലുള്ളതുമായ ബൃഹത്തായ ഒരു വായനയാണ്. പ്രഥമാവതീർണമായ പഞ്ചവചനങ്ങളിൽ പരാമർശിക്കാത്ത ഒരു വിജ്ഞാനശാഖയും പ്രപഞ്ചത്തിലില്ലായെന്ന് അനേകം ഖുർആൻ പണ്ഡിതന്മാർ വ്യാഖ്യാനക്കുറിപ്പുകളിൽ വിശദമായി വിവരിച്ചിട്ടുണ്ട്.

ശാരീരികോന്മേഷത്തിന് വ്യായാമം അനിവാര്യമാകുന്നതുപോലെ മനസ്സിന്റെ ഉണർവിനും ഉന്മേഷത്തിനും വ്യായാമം വേണം. മനസ്സിനു നല്‍കാവുന്ന ഏറ്റവും ഉത്തമമായ വ്യായാമമാണ് വായന. വായന മനസ്സിന്റെ അകത്തളങ്ങളിലേക്ക് വെളിച്ചവും അനുഭവങ്ങളും ആശയങ്ങളും സന്നിവേശിപ്പിക്കുകയും അതുവഴി മനസ്സിന് ആനന്ദവും ആസ്വാദനവും ലഭിക്കുകയും ഹൃദയത്തിന് വിശാലതയുണ്ടാവുകയും ചെയ്യുന്നു.

വായനാശീലം ഒരു സർഗസിദ്ധിയാണ്. ഇത് വളർത്തിയെടുക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ ചെറുപ്രായത്തിലേ ആരംഭിക്കേണ്ടതുണ്ട്. എങ്കിൽ ഏതു പ്രായത്തിലും അത് നിലനില്‍ക്കും. കുഞ്ഞുനാൾ മുതൽ മൂല്യമുള്ള കഥകളും പാട്ടുകളും കേട്ടുറങ്ങുന്ന കുട്ടികളിൽ വായനാശീലം വളരുമെന്ന് പഠനങ്ങൾ പറയുന്നു.

ജീവിത വിജയത്തിന് അർഥമുള്ള വായന വേണം. ആശയങ്ങൾ ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കണം. എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനം. വായനക്കാരന് അനേകം ജീവിതങ്ങൾ ലഭിക്കുന്നുവെന്നാണ് പ്രമുഖ ചിന്തകൻ ജോര്‍ജ് ആര്‍ മാര്‍ട്ടിന്റെ വിലയിരുത്തൽ.
ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിന്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നാണ് യാഥാർഥ്യം. സോഷ്യൽ മീഡിയയുടെ വരവോടെ വായനയുടെ രൂപവും ഭാവവും മാറിയിട്ടുണ്ട്. ഫെയ്സ് ബുക്ക്, വാട്ട്സാപ്പ്, ട്വിറ്റർ, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ സൈബർലോകത്തെ പുതിയ പുതിയ ആപ്പുകളിലൂടെ അതിരുകളില്ലാത്ത ഡിജിറ്റൽ വായന സാധ്യമാകുന്നു. വായനക്കാരന്റെ താത്പര്യത്തിനനുസരിച്ച് ബഹുവിഷയങ്ങളിലുള്ള ധാരാളം പുസ്തകങ്ങള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്താനും വായിക്കാനും പുസ്തക ലഭ്യതയുടെ പരിമിതികളെ മറികടക്കാനും ഇലക്ട്രോണിക് വായനയിലൂടെ കഴിയുന്നു.

വായനക്കാരുടെ എണ്ണത്തിലും അഭിരുചിയിലും ഏറ്റവ്യത്യാസമുണ്ടായേക്കാം. പക്ഷേ, വായന മരിച്ചിട്ടില്ല, മരിക്കുകയുമില്ല. അത് ലോകാവസാനം വരെ നിലനില്‍ക്കും. കാരണം, മാറ്റിത്തിരുത്തലുകൾക്കോ വെട്ടിനിരത്തലുകൾക്കോ വിധേയപ്പെടാത്ത, വായിക്കാനുള്ള ആഹ്വാനത്തോടെ അവതീർണമായ വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനം അന്തരീക്ഷത്തിൽ അന്ത്യനാൾ വരെ ജ്വലിച്ചുനിൽക്കുന്നു. അല്ലാഹു പറയുന്നു: “നാമാണ് ഈ വചനങ്ങൾ (ഖുർആൻ) അവതരിപ്പിച്ചത്, നാം അതിനെ സംരക്ഷിക്കുകയും ചെയ്യും’ (സൂറതുൽ ഹിജ്ർ: 9)
കേരളത്തില്‍ ഗ്രന്ഥശാലാ സംഘം സ്ഥാപിക്കുകയും മലയാളിയുടെ വായനാ സംസ്കാരത്തിന് വിലപ്പെട്ട സംഭാവനകൾ നല്‍കുകയും ചെയ്ത പി എന്‍ പണിക്കരുടെ ഓർമക്കായ് എല്ലാ വർഷവും ജൂൺ 19 ന് വായനാദിനവും ജൂൺ 25 വരെ വായനാവാരവുമായി ആചരിക്കുന്നു.

സൈബർ ലോകവും സാങ്കേതിക വിദ്യയും വളർന്നുവികസിച്ച പുതിയ കാലത്ത് പുസ്തകവായനയുടെ തോത് കുറഞ്ഞുപോകരുത്. സർക്കാർ സംവിധാനങ്ങളും വിദ്യാഭ്യാസ വകുപ്പും വായനയെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും ഓരോ ക്ലാസ് മുറിയിലും വായനാമൂല, ക്ലാസ് ലൈബ്രറി, ബുക്ക് കൈമാറ്റം തുടങ്ങിയ വിവിധയിനം പരിപാടികൾ നടപ്പാക്കുകയും ചെയ്യുന്നു. വായനയുടെ ലോകത്തിലേക്ക് അനേകം വാതായനങ്ങള്‍ തുറക്കപ്പെട്ട ആധുനിക കാലത്ത് പുതുതലമുറയിൽ വായനാസംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾക്ക് കൈത്താങ്ങാവാം.